തിരുവനന്തപുരം
റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 15ന‌് തിരുവനന്തപുരത്ത് അന്താരാഷ‌്ട്ര കോൺക്ലേവ‌് സംഘടിപ്പിക്കും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന‌് ദേശീയ–-രാജ്യാന്തര തലത്തിലുള്ള ധനകാര്യ ഏജൻസികളുടെ വായ്പകളും സാമ്പത്തിക–-സാങ്കേതിക സഹായങ്ങളും തുടർന്നും ലഭ്യമാക്കുകയാണ‌് കോൺക്ലേവിന്റെ ലക്ഷ്യമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോകബാങ്ക‌്, ഏഷ്യൻ ഡെവലപ‌്മെന്റ‌് ബാങ്ക‌്, കെഎഫ‌്ഡബ്ല്യു, ജിക്ക, ഡിപ്പാർട്ട‌്മെന്റ‌് ഓഫ‌് ഇന്റർനാഷണൽ ഡെവലപ‌്മെന്റ‌്, ഫ്രഞ്ച‌് ഡെവലപ‌്മെന്റ‌് ഏജൻസി, യുഎൻഡിപി, ജർമൻ ഡെവലപ‌്മെന്റ‌് എയ‌്ഡ‌്ജിഐഇസഡ‌്, ഹഡ‌്കോ, ആർഐഡിഎഫ‌്, എഐഐബി, ന്യൂ ഡെവലപ‌്മെന്റ‌് ബാങ്ക‌് തുടങ്ങിയവ കോൺക്ലേവിൽ പങ്കെടുക്കും. പുനർനിർമാണത്തിനുവേണ്ട അടിസ്ഥാന ആവശ്യങ്ങൾ വിവിധ വികസനപങ്കാളികളുടെ മുന്നിൽ അവതരിപ്പിക്കും. വിവിധ ഏജൻസികളുടെ വിദഗ‌്ധസംഘവുമായി ലോകബാങ്കിന്റെ ഇന്ത്യൻ കൺട്രി ഡയറക്ടറുടെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാർ ഇതിനകം ചർച്ച നടത്തി. കേരളം മുന്നോട്ടുവയ‌്ക്കുന്ന പ്രളയാനന്തര വികസന നിർദേശങ്ങൾ ചർച്ചചെയ്തു.
വിവിധ മേഖലകളിൽ വിഭവസമാഹരണവും സാങ്കേതിക സഹായവും ലഭ്യമാക്കാനുള്ള ചർച്ചകൾക്ക് കോൺക്ലേവ് തുടക്കം കുറിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ലനിലയിൽ പൂർത്തിയായിട്ടുണ്ട്. പുനർനിർമാണ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും. സംയോജിത ജലവിഭവ മാനേജ്മെന്റ്, ജലവിതരണം, പൊതുശുചിത്വം, ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും റോഡുകളും പാലങ്ങളും, വനം, കൃഷി, മൃഗസംരക്ഷണവും ക്ഷീരവികസനവും മത്സ്യബന്ധനവും, അതിജീവനക്ഷമതയുള്ള ഉപജീവന മാർഗങ്ങൾ എന്നിവ പദ്ധതിയുടെ മുൻഗണനാ പട്ടികയിലുൾപ്പെടുന്നു.
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ക്ലൈമറ്റ് റിസലിയിൻസ് പ്രോഗ്രാമിലൂടെ വികസനവായ്പ ലഭ്യമാക്കാൻ ലോകബാങ്ക‌് സമ്മതിച്ചിട്ടുണ്ട‌്. ആദ്യഗഡുവായി 1,726 കോടിയുടെ സഹായം നൽകും. പ്രളയത്തിൽ തകർന്ന റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിൽ അതിജീവനക്ഷമത ഉറപ്പാക്കി പുനർനിർമിക്കാൻ ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യു സഹായം വാഗ‌്ദാനം ചെയ്തിട്ടുണ്ട്. 1,400 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ‌്. പുനർനിർമാണത്തിന‌് കേന്ദ്രബജറ്റിൽ വലിയ സഹായം പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേരളത്തിന‌് അർഹമായത‌് ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.