ബിജെപിക്ക് വളരാന്‍ ഒരിഞ്ചുപോലും സ്ഥലം നല്‍കരുതെന്ന് പ്രവര്‍ത്തകരോട് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിക്ക് വളരാന്‍ ഒരിഞ്ചുപോലും സ്ഥലം നല്‍കരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്നേതാക്കളോട് മുഖ്യമന്ത്രി മമത ബാനര്‍ജി. 2021 ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപിയെ ശക്തമായി ചെറുക്കേണ്ടതുണ്ട്. അവര്‍ക്ക് വളരാന്‍ ഒരിഞ്ചുപോലും സ്ഥലം നല്‍കിക്കൂടാ. ഓരോ പ്രദേശത്തും പാര്‍ട്ടിയുടെ വളര്‍ച്ച ഉറപ്പാക്കാന്‍ നാലംഗ ടീമുകള്‍ രൂപവത്കരിക്കാന്‍ മമത നിര്‍ദ്ദേശം നല്‍കി.

രണ്ട് ബൂത്തുതല പ്രവര്‍ത്തകരും ഒരു സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും ഒരു ജില്ലാ നേതാവും ഉള്‍പ്പെട്ടതാവണം ടീമുകള്‍. ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങള്‍ നാലംഗ ടീമുകള്‍ മനസിലാക്കുകയും ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുകയും വേണം. ഓരോ പ്രദേശത്തും ബിജെപി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് മറുപടിയെന്നോണം തൊട്ടടുത്ത ദിവസം തന്നെ യോഗങ്ങള്‍ നടത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

പാര്‍ട്ടി ആസ്ഥാനമായ തൃണമൂല്‍ ഭവനില്‍ എം.എല്‍.എമാര്‍ അടക്കമുള്ളവരോട് സംസാരിക്കവെയാണ് മമത ഇക്കാര്യം പറഞ്ഞത്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ട പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മമതപാര്‍ട്ടി നേതാക്കളോട് നിര്‍ദ്ദേശിച്ചു.

© 2024 Live Kerala News. All Rights Reserved.