മാഞ്ചസ്റ്റർ
ലോകകപ്പ‌് ക്രിക്കറ്റ‌് സെമിഫൈനലിൽ ഇന്ത്യ ഇന്ന‌് ന്യൂസിലൻഡിനെ നേരിടും. പകൽ മൂന്നിന‌് ഓൾഡ‌് ട്രഫോഡിലാണ‌് മത്സരം. ജയിക്കുന്ന ടീം ഞായറാഴ‌്ചത്തെ കലാശക്കളിയിൽ സ്ഥാനമുറപ്പിക്കും. ഇരു ടീമുകളും തമ്മിൽ ആദ്യഘട്ടത്തിൽ നടക്കേണ്ട മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഒന്നാം സ്ഥാനക്കാരായാണ‌് ഇന്ത്യ സെമിയിലെത്തിയത‌്. ഒമ്പത‌് കളികളിൽ 15 പോയിന്റ‌്. ഏഴ‌് കളികൾ ജയിച്ചപ്പോൾ ഒന്നിൽ തോറ്റു. മറ്റൊന്ന‌് മഴയെടുത്തു. നാലാം സ്ഥാനക്കാരായാണ‌് ന്യൂസിലൻഡ‌് സെമിയിലെത്തിയത‌്. അഞ്ച‌് ജയവും, മൂന്ന‌് തോൽവിയുമായി പതിനൊന്ന‌് പോയിന്റ‌്. റൺവേട്ടക്കാരിൽ ഒന്നാമതുള്ള ഓപ്പണർ രോഹിത‌് ശർമയും ബൗളർ ജസ‌്പ്രീത‌് ബുമ്രയുമാണ‌് ഇന്ത്യൻ നിരയിലെ കരുത്തർ.
ലോകകപ്പിൽ ഇതുവരെ ഇരു ടീമുകളും എട്ടുതവണ മുഖാമുഖം വന്നു. നാലിൽ ജയം ന്യൂസിലൻഡിനായിരുന്നു. മൂന്നിൽ ഇന്ത്യ ജയിച്ചപ്പോൾ ഒരു കളി മഴമൂലം ഉപേക്ഷിച്ചു. രണ്ടാം സെമി ഫൈനൽ നാളെ ആതിഥേയരായ ഇംഗ്ലണ്ടും ചാമ്പ്യൻമാരായ ഓസ‌്ട്രേലിയയും തമ്മിലാണ‌്.