മസ്‌ക്കത്തില്‍ നടക്കുന്ന ബലൂണ്‍ കാര്‍ണിവല്‍ ഈ മാസം 20മുതല്‍ ആരംഭിക്കും

മസ്‌കത്ത്: മസ്‌ക്കത്തില്‍ ഖരീഫ് കാലത്ത് സലാല സന്ദര്‍ശിക്കുന്നവര്‍ക്ക് നവ്യാനുഭവമേകുന്ന ബലൂണ്‍ കാര്‍ണിവലിന് ഈ മാസം തുടക്കമാവും. ഒമാനില്‍ ഇതാദ്യമായാണ് ബലൂണ്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 20 ന് തുടങ്ങി ആഗസ്റ്റ് 25 വരെയാണ് കാര്‍ണിവല്‍. സഹനൂത്തിലെ 1.10 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലമാണ് കാര്‍ണിവല്‍ വേദിക്കായി തെരഞ്ഞെടുക്കുക. ചൂടുവായു നിറച്ച 15 ബലൂണുകളാണ് ഇവിടെ ഉണ്ടാവുക. ഒരു ബലൂണില്‍ ഒരു സമയം അഞ്ചു മുതല്‍ 10 വരെ ആളുകള്‍ക്ക് സഞ്ചാര യോഗ്യമായിരിക്കും.

500 ബൈസയായിരിക്കും ഒരാള്‍ക്ക് നിരക്ക്. ബലൂണുകളില്‍ കയറുന്നവര്‍ക്ക് 100 മീറ്റര്‍ വരെ ഉയരത്തില്‍നിന്ന് സലാലയുടെ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരമുണ്ടാകും. ബലൂണുകള്‍ക്ക് ഒപ്പം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള നിരവധി വിനോദ ഉപാധികളും കാര്‍ണിവല്‍ വേദിയില്‍ ഉണ്ടാകും. ഇലക്ട്രിക്, ഡിജിറ്റല്‍ ഗെയിമുകള്‍, ഫുഡ് കോര്‍ട്ട്, ഹോളോഗ്രാം-വി.ആര്‍ പ്രദര്‍ശനം, ഔട്ട്‌ഡോര്‍ സിനിമ, റേസ്ട്രാക്ക് ചലഞ്ച്, കുട്ടികളുടെയും കുടുംബങ്ങളുടെയും തിയറ്റര്‍, സംഗീത ഷോ, ലേസര്‍ പ്രദര്‍ശനം, വിനോദ പ്രദര്‍ശനം എന്നിവയാണ് ഇവിടെയുണ്ടാവുകയെന്ന് കാര്‍ണിവല്‍ സംഘാടക പ്രതിനിധികള്‍ അറിയിച്ചു.