പഞ്ചാബ് നാഷണൽ ബാങ്കിൽ 3800 കോടിയുടെ വായ‌്പാതട്ടിപ്പ്‌

മുംബൈ> പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും കോടികളുടെ വായ‌്പാതട്ടിപ്പ്. ഭൂഷൺ പവർ ആൻഡ് സ്റ്റീൽ ലിമിറ്റഡ് എന്ന കമ്പനിയാണ‌് രാജ്യത്തിനകത്തും പുറത്തുമുള്ള മൂന്നു ശാഖകൾവഴി 3800 കോടി തട്ടിയെടുത്തത‌്. ഈ കാര്യം ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ പിഎൻബി അറിയിച്ചു. ഫണ്ട് വക മാറ്റിയും അക്കൗണ്ടിൽ കൃത്രിമം കാട്ടിയുമാണ് വൻ തട്ടിപ്പ‌് അരങ്ങേറിയത‌്.

പൊലീസ് അന്വേഷണത്തിലൂടെയും ഫോറൻസിക് ഓഡിറ്റിലൂടെയുമാണ് തട്ടിപ്പ് കണ്ടെത്തിയതെന്നാണ് സ്റ്റോക്ക് എക‌്സ‌്ചേഞ്ചുകളെ പിഎൻബി അറിയിച്ചിരിക്കുന്നത‌്. 3191.5 കോടി രൂപ ചണ്ഡീഗഢിലെ കോർപറേറ്റ‌് ബ്രാഞ്ചിൽനിന്നും 345.74 കോടി ദുബായ‌് ബ്രാഞ്ചിൽനിന്ന‌ും 267.90 കോടി ഹോങ്കോങ‌് ബ്രാഞ്ചിൽനിന്നുമാണ‌് പിൻവലിച്ചത‌്. നേരത്തെ 1932 കോടി രൂപ ഭൂഷണിന്റെ അക്കൗണ്ടിലേക്ക‌് കൈമാറിയതായി ബാങ്ക‌് അധികൃതർ പറയുന്നു. ബാങ്കുകളുടെ കൂട്ടായ്മയെ തെറ്റിദ്ധരിപ്പിച്ചാണ‌് ഭൂഷൺ പവർ ആൻഡ് സ്റ്റീൽ തട്ടിപ്പുനടത്തിയത‌്.

ഇന്ത്യയിൽ ഏറ്റവും കടബാധ്യതയുള്ള കമ്പനികളിൽ ഒന്നാണ് ഭൂഷൺ പവർ ആൻഡ് സ്റ്റീൽ. ഇന്ത്യയിൽ അടുത്തിടെ നിലവിൽവന്ന പാപ്പരത്തനിയമ പ്രകാരം റിസർവ് ബാങ്ക് കോടതിയിലേക്ക് റഫർ ചെയ്ത ആദ്യ 12 സ്ഥാപനങ്ങളിൽ ഒന്നാണിത‌്. ബാങ്ക‌് സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ സിബിഐ സ്വമേധയാ കേസെടുത്തെന്ന‌് പിഎൻബി അധികൃതർ അറിയിച്ചു. വായ‌്പാതട്ടിപ്പിനെ സംബന്ധിച്ച‌് പ്രതികരിക്കാൻ ഭൂഷൺ പവർ ആൻഡ‌് ലിമിറ്റഡ‌് അധികൃതർ തയ്യാറായില്ല.

© 2024 Live Kerala News. All Rights Reserved.