കോപ്പ അമേരിക്ക: പെറുവിനെ തകർത്ത് ബ്രസീൽ ചാംപ്യന്മാർ; ഒൻപതാം കിരീടം

മരക്കാനയിൽ തലയുയർത്തിപ്പിടിച്ച് കിരീടം നേടി ലോക ഫുട്ബാളിലെ രാജാക്കന്മാർ. കോപ്പ അമേരിക്ക ഫൈനലിൽ പെറുവിനെ തോൽപ്പിച്ചാണ് ബ്രസീൽ കിരീടം ചൂടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ആധികാരിക വിജയം. 12 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചാണ് കോപ്പ അമേരിക്കയിൽ ബ്രസീൽ മുത്തമിട്ടത്. 2007ലായിരുന്നു അവസാനത്തെ കിരീടനേട്ടം.

എവർട്ടൻ (15), ഗബ്രിയേൽ ജെസ്യൂസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്. ക്യാപ്റ്റൻ പൗലോ ഗ്യുറെയ്‌റോയുടെ (പെനൽറ്റി) വകയായിരുന്നു 44ാം മിനിറ്റിൽ പെറുവിന്റെ ഗോൾ. ഇക്കുറി കോപ്പയിൽ ബ്രസീൽ വഴങ്ങിയ ഏക ഗോളും ഇതാണ്.

ബ്രസീലിയൻ താരം എവർട്ടൻ മൂന്ന് ഗോളുമായി ടൂർണ്ണമെന്റിനെ ടോപ് സ്കോററായി. ഗോൾഡൻ ഗ്ലൗ ബ്രസീലിന്റെ തന്നെ അലിസനും ഫെയർ പ്ലേ പുരസ്കാരം ബ്രസീൽ നായകൻ ഡാനി ആൽവ്‌സും സ്വന്തമാക്കി.

© 2024 Live Kerala News. All Rights Reserved.