‘മോദി’ വിവാദം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് പാട്‌ന കോടതിയില്‍ ഹാജരാകും

ന്യൂഡല്‍ഹി: മോദി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പാട്‌ന കോടതിയില്‍ ഹാജരാകും. മോദിയെന്ന് പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന് കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്.

കര്‍ണാടകയില്‍ ഏപ്രിലില്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. ആയിരക്കണക്കിന് കോടി രൂപ വായ്പയെടുത്ത് രാജ്യം വിട്ട നീരവ് മോദിയെയും സാമ്പത്തിക കുറ്റവാളി ലളിത് മോദിയെയും റഫാല്‍ അഴിമതിയില്‍ നരേന്ദ്ര മോദിയെയും കുറിച്ച് പരാമര്‍ശിക്കവെ, എന്തുകൊണ്ടാണ് കള്ളന്‍മാരുടെയെല്ലാം പേരിന്റെ കൂടെ ‘മോദി’ എന്നു വന്നതെന്ന് രാഹുല്‍ ചോദിച്ചിരുന്നു. പ്രസംഗം ‘മോദി’ എന്നു പേരുള്ളവരെയെല്ലാം ആക്ഷേപിക്കലാണെന്നു ചൂണ്ടിക്കാട്ടിയാണ് സുശീല്‍കുമാര്‍ പരാതി നല്‍കിയത്.

കോടതി നടപടികള്‍ക്ക് ശേഷം മസ്തിഷ്‌ക ജ്വര ബാധയെ തുടര്‍ന്ന് 150ല്‍ അധികം കുട്ടികള്‍ മരിച്ച മുസഫര്‍പൂരും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. രാഹുലിന്റെ മുസഫര്‍പൂര്‍ സന്ദര്‍ശനം പ്രതീക്ഷിക്കുന്നതായും അതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയതായും ബിഹാര്‍ പി.സി.സി അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.