പാലാരിവട്ടം മേൽപ്പാലം തുറക്കാൻ 18.71 കോടി വേണം ; ഇ ശ്രീധരന്റെ റിപ്പോർട്ട‌്

കൊച്ചി
നിർമാണത്തിലെ അപാകംമൂലം ബലക്ഷയംവന്ന പാലാരിവട്ടം മേൽപ്പാലത്തിന്റെ 17 സ‌്പാനുകൾ നീക്കി പുതിയത‌് സ്ഥാപിക്കണമെന്ന‌് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ‌് ഇ ശ്രീധരൻ. ഇതിനും മറ്റ‌് അറ്റകുറ്റപ്പണികൾക്കും കൂടി 18.71 കോടി രൂപ ചെലവുവരും. വിദഗ്ധ നിർദേശമടങ്ങിയ റിപ്പോർട്ട‌് മുഖ്യമന്ത്രി പിണറായി വിജയന‌് സമർപ്പിച്ചു.

പാലം പുനർനിർമിക്കേണ്ടതില്ലെന്നാണ‌് റിപ്പോർട്ടെങ്കിലും 19 സ‌്പാനുകളിൽ 17 ഉം മാറ്റണമെന്ന നിർദേശം നിർമാണ പിഴവിന്റെ ആഴം വ്യക്തമാക്കുന്നു.
കഴിഞ്ഞ യുഡിഎഫ‌് മന്ത്രിസഭയുടെ കെടുകാര്യസ്ഥത മൂലം 18കോടിയിൽപരം രൂപയുടെ സാമ്പത്തിക ഭാരമാണ‌് കേരളജനത തലയിലേറ്റേണ്ടിവരുന്നത‌്. നിർമാണത്തിന‌് ഇതുവരെ 41.27 കോടി രൂപയാണ‌് ചെലവ‌്. ഇനി, അതിന്റെ പകുതികൂടി അറ്റകുറ്റപ്പണിക്ക‌് ചെലവാക്കിയാലേ ഗതാഗതയോഗ്യമാകൂ. യുഡിഎഫ‌് മന്ത്രിസഭയിലെ പൊതുമരാമത്ത‌് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞാണ‌് പ്രത്യേക അനുമതി നേടി പാലം നിർമാണത്തിന‌് ചുക്കാൻ പിടിച്ചത‌്. സ്വന്തക്കാർക്ക‌് കോടികളുടെ വെട്ടിപ്പിന‌് അവസരമൊരുക്കിയ സാമ്പത്തിക ക്രമക്കേടുകളാണ‌് നടന്നത‌്. അന്ന‌് സഖ്യ കക്ഷി എംഎൽഎയായിരുന്ന കെ ബി ഗണേഷ‌്കുമാർതന്നെ ഇദ്ദേഹത്തിനെതിരെ നിയമസഭയിൽ ആരോപണം ഉന്നയിച്ചു.

മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം 17നാണ‌് ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ‌്ധ സംഘം പാലം പരിശോധിച്ചത‌്. സംഘാംഗമായിരുന്ന ചെന്നൈ ഐഐടിയിലെ പ്രൊഫ. അളഗസുന്ദരമൂർത്തി അഞ്ഞൂറിലേറെ പേജുള്ള റിപ്പോർട്ട‌് ശ്രീധരന‌് നൽകി. പ്രൊഫ. മഹേഷ‌് ഠണ്ടൻ, ശ്രീഹരി കൺസ‌്ട്രക‌്ഷൻസ‌്, ഡിഎംആർസിയിലെ എൻജിനിയർമാർ എന്നിവരും റിപ്പോർട്ട‌് നൽകി. സംഘാംഗങ്ങളുമായി പലവട്ടം വീഡിയോ കോൺഫറൻസും ചർച്ചകളും നടത്തിയ ശേഷമാണ‌് അന്തിമ റിപ്പോർട്ട‌് വ്യാഴാഴ‌്ച മുഖ്യമന്ത്രിക്ക‌് നൽകിയത‌്.

ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചതുപോലെ പുനരുദ്ധാരണം നടത്താൻ കൂടുതൽ സമയമെടുക്കും. കഴിഞ്ഞ മെയ‌് ഒന്നിന‌് ഗതാഗതം നിരോധിച്ച‌് അറ്റകുറ്റപ്പണി ആരംഭിച്ച പാലം സഞ്ചാരയോഗ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടിവരും. വ്യാഴാഴ‌്ച ഉച്ചയ‌്ക്ക‌് നിയമസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ‌് ഇ ശ്രീധരൻ റിപ്പോർട്ട‌് കൈമാറിയത‌്. അര മണിക്കൂറോളം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. മന്ത്രി ജി സുധാകരനും ഒപ്പം ഉണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.