കാർഷിക കടാശ്വാസം : ആനുകൂല്യം 2 ലക്ഷമാക്കി ; കരട് ഭേദഗതി ബിൽ മന്ത്രിസഭാ യോഗം അംഗീകരിച്ചു

കർഷക കടാശ്വാസ കമീഷൻ വഴി 50,000 രൂപയ്ക്ക് മുകളിലുള്ള കുടിശ്ശികയ്ക്ക് നൽകുന്ന ആനുകൂല്യം ഒരു ലക്ഷത്തിൽനിന്ന‌് രണ്ടു ലക്ഷം രൂപയായി ഉയർത്താനുള്ള കരട് ഭേദഗതി ബിൽ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതിനായി 2007ലെ കേരള സംസ്ഥാന കർഷക കടാശ്വാസ കമീഷൻ നിയമം 5-ാം വകുപ്പിലെ 3-ാം ഉപവകുപ്പിൽ ഭേദഗതി കൊണ്ടുവരാനുള്ള നിർദിഷ്ട കരട് ഭേദഗതി ബില്ലാണ‌് മന്ത്രിസഭാ യോഗം അംഗീകരിച്ചത‌്. ആനുകൂല്യം വർധിപ്പിക്കാൻ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ‌് കൗൺസലായി സേവനമനുഷ്ഠിക്കുന്ന ജി പ്രകാശിന്റെ കാലാവധി മൂന്നു വർഷത്തേക്കുകൂടി ദീർഘിപ്പിച്ചു. പരിശീലനം കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന സഞ്ജയ് എം കൗളിനെ തുറമുഖ വകുപ്പ് സെക്രട്ടറിയായി നിയമിക്കും. കെഎസ്ഐഡിസി മാനേജിങ‌് ഡയറക്ടറുടെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കും.

വി ആർ പ്രേംകുമാറിനെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി നിയമിക്കും. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും സിപിഎംയു ഡയറക്ടറുടെയും ചുമതലകൾ കൂടി ഇദ്ദേഹത്തിനുണ്ടാവും.

വിനോദസഞ്ചാരവിസയിൽ ചൈനയിലെത്തി അവിടെ മരിച്ച ആലപ്പുഴ ആലിശ്ശേരി വഹീദാ കോട്ടേജിൽ മിർസ അഷ്റഫിന്റെ മൃതദേഹം തിരികെ നാട്ടിലെത്തിക്കാൻ ചെലവായ തുക സർക്കാർ വഹിക്കും. ചൈനയിൽ ഇന്ത്യൻ കോൺസുലേറ്റിന് ചെലവായ 8,28,285 രൂപ ഇതിനായി അനുവദിക്കാൻ തീരുമാനിച്ചു.

പൊതുമരാമത്ത് വകുപ്പിലെ സീസണൽ ലേബർ റോൾസി(എസ്എൽആർ)ലുള്ള ജീവനക്കാർക്ക് അവധി ആനുകൂല്യങ്ങൾ അനുവദിക്കാനും തീരുമാനിച്ചു. വർഷത്തിൽ 15 ദിവസം ആകസ്മിക അവധിയും 20 ദിവസത്തെ ഡ്യൂട്ടിക്ക് ഒരു ദിവസം എന്ന നിരക്കിൽ ആർജ്ജിത അവധിയും നിലവിലെ ജീവനക്കാർക്കുള്ളതുപോലെ സറണ്ടർ ആനുകൂല്യവും ലഭിക്കും.

© 2024 Live Kerala News. All Rights Reserved.