ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ നാളെ നടക്കുന്ന ആദ്യ പൊതു ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് ഇന്ന് ലോക്സഭയില്‍ വെക്കും. ധനമന്ത്രി നിര്‍മല സീതാരാമന്റെ കന്നി ബജറ്റാണ് നാളെ നടക്കാനിരിക്കുന്നത്. സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാൻ എന്ത് നടപടിയാകും ബജറ്റ് അവതരണത്തിലൂടെ ധനമന്ത്രി അവതരിപ്പിക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ആഭ്യന്തര വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായി കുറഞ്ഞതും കാര്‍ഷിക-വ്യാവസായിക മേഖലകളിലെ മുരടിപ്പും സര്‍ക്കാറിന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ഓഹരികള്‍ വിറ്റഴിച്ച് 90000 കോടി കണ്ടെത്തുകയെന്ന നിര്‍ദേശമായിരുന്നു ഇടക്കാല ബജറ്റില്‍ മുന്നോട്ട് വെച്ചത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് തന്നെയാവും ബജറ്റില്‍ ഊന്നല്‍ നല്‍കുക
48 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. തൊഴില്‍ പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളും കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതികളും ബജറ്റില്‍ പ്രതീക്ഷിക്കാം. എന്നാല്‍ നോട്ട് നിരോധനവും ജി.എസ്.ടി തകര്‍ത്ത ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ കരകയറ്റുകയെന്നത് എളുപ്പമാകില്ല.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എതാണ്ട് തകര്‍ച്ചയുടെ വക്കിലാണ്. ഇതിന് പുറമേയാണ് സമ്ബദ്വ്യവസ്ഥയെ സമ്മര്‍ദത്തിലാക്കി ഉപഭോഗത്തിലും കുറവുണ്ടാകുന്നത്. ഗ്രാമീണ സമ്ബദ്വ്യസ്ഥയും വെല്ലുവിളികള്‍ നേരിടുകയാണ്. ഈ പ്രതിസന്ധികളെല്ലാം മറികടക്കാനുള്ള നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.