മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു; 42 മരണം

മുംബൈ: മഹാരാഷ്ട്രയിൽ തുടരുന്ന കനത്തമഴയിൽ 42 മരണം. മുംബൈ മലാഡിൽ കൂരകൾക്ക് മീതെ മതിലിടിഞ്ഞാണ് 22 പേർ മരിച്ചത്. നാൽപത്തി അഞ്ചു കൊല്ലത്തിനിടയിലെ ഏറ്റവും വലിയ മഴയിൽ മഹാനഗരത്തിൽ ജനജീവിതം ദുസ്സഹമായി.

കനത്ത മഴ കാരണം മുംബൈയില്‍ നിന്നുള്ള പലവിമാനസര്‍വ്വീസുകളും റദ്ദാക്കി. മുംബൈ വിമാനത്താവളത്തിൽ സ്പൈസ്ജെറ്റ് വിമാനം റൺവെയിൽ നിന്നും തെന്നിമാറിയത് ആശങ്കയുണര്‍ത്തി. കനത്ത മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

മലഡ് ഈസ്റ്റിലെ കുന്നിന്‍റെ താഴെ കുടിൽ കെട്ടി താമസിച്ചവരാണ് ഇന്നലെ അർദ്ധരാത്രിയിലെ പെരുമഴയിൽ അപകടത്തിൽ പെട്ടത്. പുറംപോക്കിലെ അംബേദ്കർ കോളനിയിൽ തകര ഷീറ്റും ഓലയും കെട്ടിയുണ്ടാക്കിയ കൂരകളിലായിരുന്നു, അപകടത്തിൽ പെട്ടവരിൽ അധികവും താമസിച്ചിരുന്നത്.

മതിൽ തകർന്ന് കല്ലും മണ്ണും താഴേക്ക് പതിച്ചപ്പോൾ ആളുകൾ ചിതറിയോടി. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മരിച്ചവരുടെകുടുംബങ്ങൾക്ക് 5 ലക്ഷം വീതം നൽകുമെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.