ലോക്കപ്പ‌് മർദകർക്ക‌് അന്ത്യശാസനം : പുറത്താക്കും

തിരുവനന്തപുരം
ലോക്കപ്പിനകത്ത‌് തല്ലുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന ഒരാളെയും സംരക്ഷിക്കില്ലെന്നും ഉത്തരവാദികൾ ആരായാലും അവർ സർവീസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തെറ്റുചെയ്യുന്നവരെ സംരക്ഷിക്കില്ല. അതിന്റെ ആവശ്യം സർക്കാരിനില്ല. തെറ്റു ചെയ്യുന്ന ഉദ്യോഗസ്ഥരെ ന്യായീകരിച്ചകാലം ഉണ്ടായിരുന്നു. ആ കാലം അവസാനിച്ചു. തെറ്റു ചെയ്യാത്ത ഉദ്യോഗസ്ഥർക്ക‌് എല്ലാ സംരക്ഷണവും നൽകും.

പീരുമേട‌് പൊലീസ‌് കസ‌്റ്റഡിയിൽ എടുത്ത രാജ‌്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട‌് അടിയന്തര പ്രമേയാവതരണത്തിന‌് അനുമതി തേടിയുള്ള വി ഡി സതീശന്റെ നോട്ടീസിന‌് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംഭവത്തെക്കുറിച്ച‌് അന്വേഷണം നടക്കുകയാണ‌്. അവശനിലയിൽ ഏറെ ദൂരം യാത്രചെയ‌്ത‌് എത്തിച്ച രാജ‌്കുമാറിന‌് കോട്ടയം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ കിടത്തിച്ചികിൽസ നൽകാത്ത കാര്യവും പരിശോധിക്കണം. സംഭവത്തെ ഗൗരവമായാണ‌് സർക്കാർ കാണുന്നത‌്. അതിനാലാണ‌് ഉദ്യോഗസ്ഥരെ സസ‌്പെൻഡ‌് ചെയ‌്തത‌്. കസ‌്റ്റഡിയിൽ എടുക്കപ്പെട്ടയാൾ ദിവസങ്ങളോളം അനധികൃതമായി കസ‌്റ്റഡിയിൽ കഴിഞ്ഞാൽ അതിന്റെ ഉത്തരവാദിത്തം മേലുദ്യോഗസ്ഥർക്കുമുണ്ടാകും.

നിലവിൽ ക്രൈംബ്രാഞ്ച‌് അന്വേഷണം നടത്തുകയാണ‌്. രാജ‌്കുമാറിനെ കസ‌്റ്റഡിയിൽ എടുത്ത സമയവുമായി ബന്ധപ്പെട്ട പരാതിയും അന്വേഷിക്കുന്നുണ്ട‌്. കോൺഗ്രസ‌് വാർഡ‌് അംഗം ആലീസ‌് തോമസ‌് നൽകിയ പരാതി പ്രകാരമാണ‌് നാട്ടുകാർക്കെതിരെ കേസെടുത്തത‌്. അവർ പരാതി നൽകുമ്പോൾ സേവാദൾ ജില്ലാ സൈക്രട്ടറിയും മഹിളാ കോൺഗ്രസ‌് നേതാവുമൊക്കയാണ‌്.

ഇപ്പോൾ അവരെ കോൺഗ്രസ‌് സസ‌്പെൻഡ‌് ചെയ‌്തിട്ടുണ്ട‌്. ആരുടെയെങ്കിലും പ്രേരണപ്രകാരമാണോ അവർ പരാതി നൽകിയതെന്ന‌് അന്വേഷണത്തിലേ വ്യക്തമാകൂ.
അന്വേഷണം പൂർത്തിയാകാതെ ഒരു നിഗമനത്തിലും തീരുമാനത്തിലും എത്താനാകില്ല. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട‌്. തുടർന്ന‌് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.