വയനാട്ടിലെ രാത്രി യാത്രാ നിരോധനത്തില്‍ ഇടപെടും; ഓഗസ്റ്റില്‍ മണ്ഡലം സന്ദര്‍ശിക്കുമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: വയനാട്ടിലെ രാത്രി യാത്രാ നിരോധനം നീക്കാനാവശ്യമായ നടപടികള്‍ കൈക്കെള്ളുമെന്ന് വയനാട് എംപിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി. പ്രശ്‌നത്തെ കുറിച്ച് പഠിക്കുന്നതിനായി ഓഗസ്റ്റില്‍ രാഹുല്‍ വയനാട്ടില്‍ എത്തും. ലോക്‌സഭാ സമ്മേളനം കഴിഞ്ഞതിന് ശേഷമായിരിക്കും രാഹുല്‍ മണ്ഡലത്തിലെത്തുക.

കര്‍ണാടകയിലെയും കേരളത്തിലെയും രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് രാഹുല്‍ പറഞ്ഞു. നിലവില്‍ നിര്‍ദേശിച്ചിട്ടുള്ള ബദല്‍മാര്‍ഗങ്ങളുടെ പ്രായോഗികവശങ്ങള്‍ പരിശോധിച്ച് ഉചിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ കണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

അതേസമയം, വയനാട്ടിലെ കര്‍ഷക ആത്മഹത്യകളും സര്‍ഫാസി അടക്കമുള്ള നിയമക്കുരുക്കുകളും പ്രതിനിധികള്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. വയനാട് എംപിയായതിനുശേഷം രാഹുല്‍ ഗാന്ധി മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ച ആദ്യയോഗത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.