വെസ്റ്റ് ഇൻഡീസിനെ തകർത്ത് വമ്പൻ ജയവുമായി ഇന്ത്യ

മാഞ്ചസ്റ്റര്‍ : വെസ്റ്റ് ഇൻഡീസിനെതിരെ 125 റൺസിന്റെ വമ്പൻ ജയവുമായി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയ 268 റൺസ് മറികടക്കാൻ വെസ്റ്റ് ഇൻഡീസിന് സാധിച്ചില്ല. ശക്തമായ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ 143 റൺസിന് പുറത്തായി.
സുനിൽ ആംബറിസ്, നിക്കോളാസ് പൂരാൻ, ഷിംറോൺ, കേമാർ റോച്ച്, ഷെൽഡൺ എന്നിവരാണ് വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് നിരയിൽ രണ്ടക്കം കണ്ടത്. ബാക്കിയുള്ളവർ അതിവേഗം പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമ്മി നാലും,ബുംറ രണ്ടും, ഹർദിക് പാണ്ഡ്യ കുൽദീപ് യാദവ് എന്നിവർ ഒരു വിക്കറ്റ് വീതവും എറിഞ്ഞിട്ടു.
നായകൻ വിരാട് കോഹ്‌ലി, എം എസ് ധോണി എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലെത്താൻ ഇന്ത്യയെ സഹായിച്ചത്. കെ എൽ രാഹുൽ, രോഹിത് ശർമ്മ, വിജയ് ശങ്കർ,കേദാർ ജാദവ്,ഹർദിക് പാണ്ഡ്യ,മുഹമ്മദ് ഷമ്മി എന്നിവരാണ് പുറത്തായ താരങ്ങൾ. കുൽദീപ് യാദവ് ധോണിക്കൊപ്പം പുറത്താകാതെ നിന്നു. വെസ്റ്റ് ഇൻഡീസിനായി കെമാർ റോച്ച് മൂന്നു വിക്കറ്റുകൾ നേടിയപ്പോൾ, ഷെൽഡൺ,ജേസൺ എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

© 2024 Live Kerala News. All Rights Reserved.