ന്യൂഡൽഹി
രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച‌് ഒരുമാസം പിന്നിട്ടിട്ടും ഏറ്റെടുക്കാൻ ആളില്ലാതെ കോൺഗ്രസ‌്. മടങ്ങിവരണമെന്ന ആവശ്യം രാഹുൽ വീണ്ടും തള്ളി. ബുധനാഴ‌്ച ചേർന്ന പാർലമെന്ററി പാർടി യോഗത്തിൽ നേതൃത്വം ഏറ്റെടുക്കണമെന്ന‌് രാഹുലിനോട‌് ആവർത്തിച്ച‌് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. പകരക്കാരനെ കണ്ടത്താനായില്ലെന്ന‌് പാർലമെന്ററി പാർടി നേതാവ‌് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽചേർന്ന യോഗം അറിയിച്ചു. ലോക‌്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം പാർടിക്ക‌് ഒന്നടങ്കമാണെന്നും അധ്യക്ഷൻ മാത്രമായി കുറ്റക്കാരനാകില്ലെന്നും എംപിമാർ പറഞ്ഞു. എന്നാൽ, തീരുമാനം മാറ്റില്ലെന്ന‌്
രാഹുൽ ആവർത്തിച്ചു. പുതിയ അധ്യക്ഷനെ കണ്ടെത്താൻ രാഹുൽ അനുവദിച്ച ഒരുമാസ കാലാവധി അവസാനിച്ചതോടെ ഔദ്യോഗിക രാജി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
അധ്യക്ഷസ്ഥാനത്ത‌് രാഹുൽ തുടരണമെന്ന‌് ആവശ്യപ്പെട്ട‌് യൂത്ത‌് കോൺഗ്രസും എൻഎസ‌്‌യുഐയും ഡൽഹിയിൽ പ്രകടനം നടത്തി. തുഗ്ലക‌് ലെയ‌്നിലെ രാഹുലിന്റെ വസതിയിലേക്കായിരുന്നു പ്രകടനം. മെയ‌് 25ന‌് ചേർന്ന പ്രവർത്തകസമിതിയിലാണ‌് രാഹുൽ സ്ഥാനമൊഴിയൽ പ്രഖ്യാപിച്ചത‌്.