ന്യൂഡല്‍ഹി: ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയിലെ (ടിഡിപി) നാല് രാജ്യസഭ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയുടെ നേതൃത്വത്തില്‍ പാര്‍ട്ടിമാറി എത്തിവരെ ബിജെപിയിലേക്ക് സ്വീകരിച്ചു.വൈ.എസ്.ചൗധരി, സി.എം.രമേശ്, ടി.ജി.വെങ്കിടേഷ്, ജി.മോഹന്റാവു എന്നിവരാണു ബിജെപിയില്‍ ലയിക്കുന്നതായി ഉപരാഷ്ട്രപതിക്കു കത്തു കൊടുത്തത്. ബിജെപി നേതാക്കളായ റാം മാധവ്, ജി.കൃഷ്ണ റെഡ്ഢി എന്നിവര്‍ ടിഡിപി എംപിമാരുമായി നിരവധി തവണ ചര്‍ച്ച നടത്തിയശേഷമാണു തീരുമാനം.
രാജ്യസഭയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു ടിഡിപി എംപിമാരെ ബിജെപിയിലെത്തിച്ചത്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടന്ന ആന്ധ്രപ്രദേശില്‍ രണ്ടു തിരഞ്ഞെടുപ്പിലും കനത്ത തോല്‍വി നേരിട്ട ചന്ദ്രബാബുവിനെ ഈ നീക്കം വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്.