സാക്കിര്‍ നായികിനെ വിട്ടുനല്‍കണം: മലേഷ്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡല്‍ഹി:സാക്കിര്‍ നായികിനെ വിട്ടുനല്‍കണമെന്ന് മലേഷ്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ പരസ്പരം വിട്ടുനല്‍കുന്നതിന് ഉടമ്പടി ഒപ്പുവച്ചിട്ടുണ്ട്. അതിനാലാണ് ഔദ്യോഗികമായി തന്നെ സാക്കിര്‍ നായികിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ നേരിട്ട് മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വിദേശ കാര്യ വക്താവ് രവീഷ് കുമാര്‍ സ്ഥിരീകരിച്ചു.

സമുദായങ്ങള്‍ക്ക് ഇടയില്‍ ഭിന്നത വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുടെയും, ശത്രുത വളര്‍ത്താന്‍ വേണ്ടി നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പേരിലാണ് സാക്കിര്‍ നായികിനെതിരെ അന്വേഷണം നടക്കുന്നത്. കൂടാതെ സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു.

സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ പിന്നെ എല്ലാ അംഗരാജ്യങ്ങളിലുള്ള കുറ്റവാളികളെയും വിട്ടുകൊടുക്കണം. മലേഷ്യ ഇന്റര്‍പോളിന്റെ അംഗരാഷ്ട്രമാണ്. 2010 ല്‍ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറില്‍ ഇവര്‍ ഒപ്പുവച്ചിട്ടുമുണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.