ദേശീയപാതയ്‌ക്ക‌് പണം നൽകും: നിതിൻ ഗഡ്കരി

തിരുവനന്തപുരം> ദേശീയപാത വികസനത്തിൽ കേരളത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നിയമസഭയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഒപ്പം ഉണ്ടായിരുന്നു

സാഗർമാല പദ്ധതിയിലും കേരളത്തിന് അർഹമായ പരിഗണന നൽകും. ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത് കേരളത്തിന് കൂടുതൽ സഹായകമാകും. ദേശീയപാത വികസനകാര്യത്തിൽ സംസ്ഥാന സർക്കാർ വലിയ സഹകരണമാണ‌് നൽകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മത്സ്യം, ജൈവകൃഷി, ഗതാഗതസംവിധാനം, തുറമുഖം തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ചും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചർച്ച നടത്തി. നിയമസഭാ വിഐപി ഗ്യാലറിയിലിരുന്ന് കേന്ദ്രമന്ത്രിയും ഭാര്യ കാഞ്ചൻ ഗഡ്കരിയും കുടുംബാംഗങ്ങളും സഭാ നടപടിക്രമങ്ങൾ വീക്ഷിച്ചു. രാവിലെ 11.50 ഓടെയാണ് നിയമസഭയിലെത്തിയത്. ഒ രാജഗോപാൽ എംഎൽഎയും ഒപ്പമുണ്ടായിരുന്നു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

© 2024 Live Kerala News. All Rights Reserved.