തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസം കനത്ത മഴ പെയ്യും. അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതോടെയാണ് കേരളത്തില്‍ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. തീവ്രന്യൂനമര്‍ദം ഇന്നു ചുഴലിക്കാറ്റായി വടക്കുദിശയിലേക്കു നീങ്ങും. ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ന്യൂനമര്‍ദമേഖലയില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് പുറപ്പെട്ട തൊഴിലാളികളോടെല്ലാം ഉടന്‍ അടുത്തുള്ള തീരങ്ങളില്‍ മടങ്ങിയെത്താന്‍ കോസ്റ്റ് ഗാര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.
കേരള തീരത്തു നിന്ന് 300 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു ഭാഗത്താണ് തീവ്രന്യൂനമര്‍ദ മേഖല. ഇന്നു കൂടുതല്‍ വടക്കോട്ടു നീങ്ങിയ ശേഷമാകും ചുഴലിക്കാറ്റായി മാറുക. ഇതിന്റെ സ്വാധീനഫലമായി ഇന്നു വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നാണു സൂചന.