നിപ ഭീതിയൊഴിയുന്നു; നിരീക്ഷണത്തിലുള്ള ഏഴാമത്തെ ആള്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരണം

കൊച്ചി: നിപ ലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഏഴാമത്തെ ആള്‍ക്കും നിപ്പയില്ലെന്ന് സ്ഥിരീകരണം. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന എട്ടു പേരില്‍ എഴു പേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. ഒരാളുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്.

രോഗിയെ പരിചരിച്ച നേഴ്‌സുമാരാണ് നിപയില്ലെന്ന് സ്ഥിരീകരിച്ച ഏഴു പേരില്‍ 3 പേര്‍. ഇന്ന് പ്രവേശിപ്പിച്ചയാളുടെ സാംബിളുകളും പൂനെയില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധിച്ച് നിപ ഇല്ലെന്ന് കണ്ടെത്തി. ഇതോടെയാണ് കളമശ്ശേരിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിക്കപ്പെട്ട ഏഴു പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി സ്ഥിരീകരിച്ചത്.

നിരീക്ഷണത്തിലുള്ള ആറുപേര്‍ക്ക് നിപബാധയില്ലെന്ന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അതേസമയം നിപ്പബ ബാധിച്ച്‌ ചികിത്സയിലുള്ള യുവാവിന്റെ നില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റനില്‍ പറയുന്നു. സംസ്ഥാനത്ത് 355 പേര്‍ നീരീക്ഷണത്തിലാണ് രോഗമെത്തിച്ചത് വവ്വാലാണെന്ന് അന്തിമതീര്‍പ്പായിട്ടില്ലെന്നും മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളേജിലേതുള്‍പ്പെടെ നിലവില്‍ എട്ട് പേരാണ് ഐസോലേഷന്‍ വാര്‍ഡിലുള്ളത്. ഇവരെ ഇന്‍ക്യുബേഷന്‍ പിരീഡ് പൂര്‍ത്തിയാകും വരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യില്ല. മുന്‍കരുതല്‍ നടപടികള്‍ തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. നിപ നിയന്ത്രണവിധേയമാണെന്നും ജാഗ്രതാനടപടികള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് എറണാകുളം ജില്ലയില്‍ നടത്തുന്നത്.

അതിനിടെ പനിബാധിച്ച ചികിത്സയിലുള്ള രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് . എറണാകുളം, ഇടുക്കി ,തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തി പനിയോ മസ്തിഷ്ക ജ്വരലക്ഷണങ്ങളോടെയോ ചികിത്സ തേടുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

© 2024 Live Kerala News. All Rights Reserved.