നാടാകെ മാലിന്യമുക്തമാകുന്നതിന് എല്ലാ മേഖലയിലുള്ളവരും പങ്ക് വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: എല്ലാത്തരം മാലിന്യവും പൂർണമായി സംസ്‌കരിക്കാനാവുന്ന രീതികൾ സ്വീകരിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടാകെ മാലിന്യമുക്തമാകുന്നതിന് എല്ലാ മേഖലയിലുള്ളവരും പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മികച്ച പരിസ്ഥിതി സംരക്ഷണ പ്രവൃത്തി പുരസ്‌കാരങ്ങൾ ശ്രീകാര്യം എനർജി മാനേജ്‌മെൻറ് സെൻററിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ മാലിന്യം സംസ്‌കരിക്കുന്നതിന് ശരിയായ നില സ്വീകരിച്ചാൽ അത് പിന്നീടുള്ളവരും തുടരും. ഇത് നമുക്ക് മാത്രമല്ല, വരും തലമുറകൾക്കും ആവശ്യമാണ്്. മാലിന്യസംസ്‌കരണത്തിന് കൃത്യമായ പരിശോധനകൾ മലിനീകരണ നിയന്ത്രണബോർഡ് നടത്തുന്നുണ്ട്. ഇത് തുടരുകയും ഇത്തരത്തിലെ എല്ലാ ഏജൻസികളും ഇക്കാര്യം ശ്രദ്ധിക്കുകയും നാട്ടുകാർ സഹകരിക്കുകയും ചെയ്താൽ മാലിന്യമുക്തമാക്കുക എന്നത് അസാധ്യമല്ല.

മാലിന്യസംസ്‌കരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കുമാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ഇവർക്ക് കഴിയുമെങ്കിൽ എല്ലാ വ്യവസായങ്ങൾക്കും ഇതിന് കഴിയും. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൊതുവേ സമൂഹം തിരിച്ചറിയുന്ന കാലഘട്ടമാണിത്. പല ജീവജാലങ്ങൾക്കും ആവാസവ്യവസ്ഥ തന്നെ നഷ്ടമായത് മനുഷ്യരുടെ ഇടപെടൽ മൂലമാണ്. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ലോകമാകെ നടക്കുന്നത്. ജലാശയങ്ങൾ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ നമുക്ക് മുന്നേറാനായിട്ടുണ്ട്. വായു മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങളുടെ ദിശയിലേക്കും കേരളം പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിനുമുന്നോടിയായി വായു മലിനീകരണം സംബന്ധിച്ച് ശിൽപശാല നടന്നു.
കഴിഞ്ഞവർഷം മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയ സ്ഥാപനങ്ങളാണ് അവാർഡുകൾ എറ്റുവാങ്ങിയത്.

© 2024 Live Kerala News. All Rights Reserved.