കൊച്ചി:കൊച്ചിയിലെ ആസ്പത്രിയില്‍ പനി ബാധിച്ച് ചികിത്സ തേടിയ യുവാവിന് നിപ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്ന് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല. മുന്‍കരുതലെന്ന നിലയിലാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
നിപ സ്ഥിരീകരിച്ചിട്ടില്ല എങ്കിലും മുന്‍ കരുതല്‍ എന്ന നിലയില്‍ രോഗിയുമായി അടുത്തിടപഴകിയവരുള്‍പ്പെടെ 86 പേര്‍ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിലും ജാഗ്രത തുടരും. എന്നാല്‍, ഭയപ്പെടേണ്ട സാഹചര്യമില്ല. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുണെയിലേക്കും അയച്ചത്.പനി ബാധിച്ച യുവാവ് എറണാകുളത്തെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലാണ്. എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ അവിടെ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല.
കോഴിക്കോട് നിപ ബാധയുണ്ടായ സമയത്തെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും. മുന്‍കരുതലെന്ന നിലയ്ക്ക് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തിനോട് ചേര്‍ന്നുള്ള ജില്ലകളിലും ഐസൊലേഷന്‍ വാര്‍ഡ് സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.