3 ദിവസത്തിനകം മഴയെത്തും; ബുധനാഴ‌്ചയ്‌ക്ക‌ു ശേഷം ഏതു നിമിഷവും മഴ സജീവമാകും

തിരുവനന്തപുരം
കടുത്ത വരൾച്ചയ‌്ക്ക‌് അറുതിവരുത്തി ഈ ആഴ‌്ച തന്നെ കാലവർഷം കേരളതീരം തൊടും. തെക്ക‌് പടിഞ്ഞാറൻ കാലവർഷക്കാറ്റ‌് മുന്നോട്ട‌് നീങ്ങുന്നതാണ‌് പ്രതീക്ഷയ‌്ക്ക‌് വക നൽകുന്നത‌്. ബുധനാഴ‌്ചക്ക‌് ശേഷം ഏതു നിമിഷവും മഴ സംസ്ഥാനത്ത‌് സജീവമാകുമെന്ന‌ാണ‌് കാലാവസ്ഥാ വിദഗ‌്ധരുടെ പ്രവചനം. സാധാരണ മെയ‌് അവസാനമോ ജൂൺ ആദ്യമോ ആണ‌് കാലവർഷം കേരളത്തിലെത്തേണ്ടത‌്. എന്നാൽ ഇക്കുറി കാലവർഷക്കാറ്റ‌് ആൻഡമാൻ മേഖലയിലെത്താൻ അൽപ്പം വൈകി.

ബംഗാൾ ഉൾക്കടൽ വഴി ശ്രീലങ്കയ‌്ക്ക‌് തെക്ക‌് കാലവർഷക്കാറ്റ‌് എത്തി. അതുവഴി വരും ദിവസങ്ങളിൽ ശ്രീലങ്കയിൽ കനത്ത മഴ ലഭിക്കും. അറബിക്കടലിൽ അനുകൂല ഘടകങ്ങൾ രൂപപ്പെടുന്നതിനാൽ പടിഞ്ഞാറൻ കാറ്റിന്റെ വേഗം വർധിക്കും. നിലവിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ മേഖലകൾ രൂപപ്പെട്ടിട്ടുണ്ട‌്. ഇപ്പോഴത്തെ വിലയിരുത്തൽ പ്രകാരം കാലവർഷത്തിന്റെ അരങ്ങേറ്റം ശക്തമായിരിക്കില്ലെങ്കിലും പിന്നീട‌് മെച്ചപ്പെടും.
ജൂൺ മുതൽ സെപ‌്തംബർവരെയാണ‌് മൺസൂൺ കാലം. കേരളമുൾപ്പെടുന്ന തെക്കൻ മേഖലയിൽ കാലവർഷത്തിൽ 92 ശതമാനം മഴ ലഭിക്കുമെന്നും വകുപ്പ‌് പറയുന്നു. ആഗസ‌്തിൽ രാജ്യത്ത‌് 99 ശതമാനം മഴ ലഭിക്കുമെന്നും പ്രവചനമുണ്ട‌്. കഴിഞ്ഞ വർഷം മെ‌യ‌് 29 നായിരുന്നു കാലവർഷം കേരളത്തിലെത്തിയത‌്. 2017ൽ മെയ‌് 30 നും. ജൂൺ എട്ടിനായിരുന്നു 2016 ലെ കാലവർഷ പ്രവേശം.

© 2024 Live Kerala News. All Rights Reserved.