ആറുമാസത്തിനിടെ വധിച്ചത് നൂറോളം ഭീകരവാദികളെ; കണക്കുകള്‍ പുറത്ത് വിട്ട് സുരക്ഷ സേന

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരവാദികളും സുരക്ഷ സേനയും തമ്മില്‍ കഴിഞ്ഞ ആറുമാസത്തിനിടെ നടന്ന ഏറ്റുമുട്ടലുകളില്‍ ഇത് വരെ നൂറോളം ഭീകരവാദികള്‍ കൊല്ലപ്പെട്ടന്ന് സുരക്ഷ സേന. കൊല്ലപ്പെട്ടവരില്‍ 23 പേര്‍ വിദേശികളും 78 പ്രാദേശിക തീവ്രവാദികളാണ്. എന്നാല്‍ കൊല്ലപ്പെടുന്ന തീവ്രവാദികള്‍ക്ക് പകരമായി യുവാക്കള്‍ വിവിധ ഭീകര കേന്ദ്രങ്ങളില്‍ എത്തുന്നുണ്ടെന്നും സൈന്യം വെളിപ്പെടുത്തി.

2019 മെയ് 31 വരെയുള്ള കണക്കുകളാണ് സേന പുറത്തുവിട്ടത്.മാര്‍ച്ച് മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് 50 യുവാക്കള്‍ ഭീകരകേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരെ പിന്തുടര്‍ന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സേന. കാശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ഏറ്റുമുട്ടലിലാണ് നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ അല്‍ഖായിദ ബന്ധമുള്ള ഭീകരവാദ സംഘടനയായ അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് തലവന്‍ സാക്കിര്‍ മൂസ പോലുള്ളവരും ഉള്‍പ്പെടും.

കൊല്ലപ്പെടുന്ന ഭീകരവാദികളുടെ എണ്ണത്തില്‍ 2014 മുതല്‍ ഗണ്യമായി വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും സേന വ്യക്തമാക്കുന്നു. ഭികരവാദത്തെ ഇല്ലാതാക്കാനുള്ള പുതിയ തന്ത്രം മെനയുകാണ് സേന ഉദ്യോഗസ്ഥര്‍ .തീവ്ര ആശയങ്ങളില്‍ നിന്ന് മാറി ചിന്തിക്കാന്‍ യുവാക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രത്യേക വിദ്യാഭ്യാസം നല്‍കണമെന്നാണ് സേന ഉദ്യോഗസ്ഥര്‍ പറയുന്നത്. ഭീകര വിരുദ്ധ നയങ്ങളില്‍ മാറ്റം കൊണ്ടുവരാനും ആലോചനയുണ്ട്.

© 2023 Live Kerala News. All Rights Reserved.