അണക്കെട്ടുകള്‍ തുറക്കാന്‍ കലക്ടറുടെ അനുമതി നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: സംസ്ഥനത്തെ അണക്കെട്ടുകള്‍ മഴക്കാലത്ത് തുറന്ന് വിടണമെങ്കില്‍ കലക്ടറുടെ അനുമതി നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍. അതത് ജില്ലയിലെ ജില്ലാ കലക്ടറുടെ അനുമതിയാണ് വാങ്ങേണ്ടതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. 36 മണിക്കൂര്‍ മുമ്പ് വൈദ്യുതി- ജലസേചന വകുപ്പുകള്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറി വേണം അനുമതി വാങ്ങാന്‍. ഡാം തുറന്ന് വിട്ടാല്‍ വെള്ളം എത്രത്തോളം ഉയരുമെന്ന് കണക്കാക്കുകയും ഇത് അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പ്രദേശവാസികള്‍ക്ക് നല്‍കുകയും വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. മഴക്കാല ദുരന്ത പ്രതികരണ മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഡാം തുറക്കേണ്ട സാഹചര്യം വരുന്ന മഴക്കാലത്ത് ഉണ്ടാവുകയാണെങ്കില്‍ 15 മണിക്കൂര്‍ മുന്‍പെങ്കിലും ലൗഡ് സ്പീക്കര്‍ വഴി ജനങ്ങളെ നേരിട്ടറിയിക്കണം. വെള്ളമൊഴുകുന്ന പ്രദേശത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ഉദ്യോ?ഗസ്ഥരെ 24 മണിക്കൂറിന് മുമ്പ് വിവരം ധരിപ്പിക്കണം. എമര്‍ജന്‍സി സെന്ററുകളില്‍ ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എന്‍ജിനിയറെ 24 മണിക്കൂറും നിയോഗിക്കണം. ബന്ധപ്പെട്ട ഉദ്യോ?ഗസ്ഥനെ റിപ്പോര്‍ട്ട് നല്‍കുന്നതിനായി ചുമതലപ്പെടുത്തണം.മഴയുടെ തോതനുസരിച്ചു മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെയും ജില്ലതോറും നിയമിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാനത്തുള്ള എല്ലാ അണക്കെട്ടുകളിലെയും ഓറഞ്ച്, റെഡ് അലര്‍ട്ടുകളിലെ ജലനിരപ്പ് എത്രവരെയാകാം. എത്ര ഭാഗം ഒഴിച്ചിടണം തുടങ്ങിയ കാര്യങ്ങള്‍ അടുത്ത മാസം 10 നകം അറിയിക്കാന്‍ കെ എസ്ഇബിയോടും ജലസേചന വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതത് ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റിയെയാണ് ഇക്കാര്യം അറിയിക്കേണ്ടത്. ഇത് പരിശോധിച്ച് അതോറിറ്റി നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം മാത്രമേ ഡാം തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാവൂവെന്നും ഉത്തരവില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.