സൗദിയില്‍ നജ്‌റാന്‍ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണ ശ്രമം

റിയാദ്: സൗദി അതിര്‍ത്തി പ്രദേശമായ നജ്‌റാന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണ ശ്രമം. നജ്‌റാന്‍ വിമാനത്താവളം ലക്ഷ്യമാക്കിയ ഹൂതി ഡ്രോണുകള്‍ സൗദി പ്രതിരോധ സേന തകര്‍ത്തതായി സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന വ്യക്തമാക്കി.

വ്യാഴ്ചയാഴ്ച ഉച്ചക്ക് ശേഷം 1:45 ഓടെയാണ് വിമാനത്താവളത്തിനു നേരെ സ്‌ഫോടന ശ്രമം ഉണ്ടായത്. ആക്രമണ ലക്ഷ്യം സേന കണ്ടെത്തി നശിപിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമാണു വന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വിമാനത്താവളം ലക്ഷ്യമാക്കിയെത്തിയത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ യമനിലെ വിമത വിഭാഗമായ ഇറാന്‍ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഹൂതികളാണെന്നും അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

ഹൂതികള്‍ മനഃപൂര്‍വ്വം ജനവാസ കേന്ദ്രങ്ങളും പ്രമുഖ കേന്ദ്രങ്ങളും ലക്ഷ്യമിടുകയാണെന്നും അല്‍ മാലികി വ്യക്തമാക്കി. എന്നാല്‍, കടുത്ത തിരിച്ചടി തങ്ങള്‍ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച്‌ കനത്ത തിരിച്ചടിയായിരിക്കും സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.