എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ സർവ്വേ ഫലങ്ങൾ; കേരളത്തിൽ എൽഡിഎഫിന‌് മുൻതൂക്കമെന്ന‌് ന്യൂസ് 18 സർവ്വേ

പതിനേഴാം ലോക‌്സഭാതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ‌് പൂർത്തിയായി. ഏഴുഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ‌് ഞായറാഴ‌്ച നടന്ന ഏഴാം ഘട്ടത്തോടെയാണ‌് അവസാനിച്ചത‌്. അവസാന ഘട്ടത്തിൽ 61 ശതമാനം പേർ വോട്ട‌് രേഖപ്പെടുത്തി. കേന്ദ്രഭരണം എൻഡിഎ നിലനിർത്തുമെന്ന‌് വിവിധ മാധ്യമങ്ങൾ നടത്തിയ എക‌്സിറ്റ‌് പോൾ പ്രവചനങ്ങൾ അവകാശപ്പെടുന്നു.

ഏഴ‌് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലുമായി 59 മണ്ഡലങ്ങളിലായിരുന്നു ഏഴാംഘട്ട വോട്ടെടുപ്പ‌്. പശ്ചിമബംഗാളിൽ തൃണമൂ ൽ കോൺഗ്രസും ബിജെപിയും വ്യാപകമായി അക്രമം അഴിച്ചുവിട്ടു. പഞ്ചാബിലും ബിഹാറിലും പലയിടത്തും ഏറ്റുമുട്ടലുണ്ടായി.

പഞ്ചാബിലും ഉത്തർപ്രദേശിലും 13 വീതവും പശ്ചിമബംഗാളിൽ ഒമ്പതും ബിഹാറിലും മധ്യപ്രദേശിലും എട്ട‌് വീതവും ഹിമാചൽപ്രദേശിൽ നാലും ജാർഖണ്ഡിൽ മൂന്നും മണ്ഡലങ്ങളിലാണ‌് ഞായറാഴ‌്ച വോട്ടർമാർ വിധി എഴുതിയത‌്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി(വാരാണസി, ഉത്തർപ്രദേശ‌്), മനീഷ‌് തിവാരി (അനന്ത‌്പുർ സാഹിബ‌്), സിപിഐ എം സ്ഥാനാർഥികളായ ഡോ. ഫുവാദ‌് ഹാലിം(ഡയമണ്ട‌് ഹാർബർ, ബംഗാൾ), ബികാഷ‌് ഭട്ടാചാര്യ(ജാദവ‌്പുർ, ബംഗാൾ) എന്നിവരാണ‌് ഈ ഘട്ടത്തിലെ ശ്രദ്ധേയരായ സ്ഥാനാർഥികൾ. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ‌ും മുൻകേന്ദ്രമന്ത്രി ശത്രുഘ‌്നൻ സിൻഹയും ഏറ്റുമുട്ടുന്ന ബിഹാറിലെ പട‌്ന സാഹിബ‌ും ദേശീയശ്രദ്ധ നേടിയ മണ്ഡലമാണ‌്. തമിഴ‌്നാട്ടിലെ നാലും ഗോവയിലെ ഒന്നും നിയമസഭാമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു.ഏഴ‌് ഘട്ടത്തിലായി 542 മണ്ഡലങ്ങളിൽ 8,000 സ്ഥാനാർഥികളാണ‌് ജനവിധി നേടിയത‌്. തമിഴ‌്നാട്ടിലെ ഒരു സീറ്റിൽ വോട്ടെടുപ്പ‌് മാറ്റിവച്ചിരിക്കയാണ‌്.

© 2024 Live Kerala News. All Rights Reserved.