ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു; ഭീകരര്‍ ഒളിച്ചിരുന്ന വീട് തകര്‍ത്തു

ശ്രീനഗര്‍•ദക്ഷിണ കാശ്മീരില്‍ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പുല്‍വാമ ജില്ലയില്‍ അവന്തിപോരയിലെ പന്‍സ്ഗാം ഗ്രാമത്തിലാണ് സംഭവം. സൈനിക നടപടി ഇപ്പോഴും തുടരുകയാണ്.

കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം ആയുധത്തോടൊപ്പം കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഗ്രേറ്റ് കശ്മീര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഓപ്പറേഷന്‍ അന്തിമ ഘട്ടത്തിലാണ്. ഇപ്പോള്‍ വെടിവെപ്പ് അവസാനിച്ചതായും പോലീസ് പറഞ്ഞു.

ഭീകരര്‍ ഒളിച്ചിരുന്ന വീട് സൈന്യം തകര്‍ത്തിട്ടുണ്ട്.

സൈന്യത്തിന്റെ 55 ആര്‍.ആര്‍ എസ്.ഓ.ജി സംഘവും സി.ആര്‍.പി.എഫിന്റെ 185 ാം ബറ്റാലിയനും പന്‍സ്ഗാം പ്രദേശത്ത് ഭീകരര്‍ക്കായി സംയുക്ത തെരച്ചില്‍ നടത്തി വരികയാണെന്ന് ജി.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

മേയ് 16, വ്യാഴാഴ്ച ഷോപ്പിയാനിലും പുല്‍വാമയിലും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ആറു ഭീകരര്‍ കൊല്ലപ്പെടുകയും ഒരു സിവിലിയനും രണ്ട് സൈനികര്‍ക്കും ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.