രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരായ കയ്യേറ്റ ശ്രമം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ പിലാത്തറയില്‍ വച്ച് കയ്യേറ്റം ചെയ്യുകയും തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം അലങ്കോലപ്പെടുത്തുകയും ചെയ്ത സി.പി.എമ്മിന്റെ നടപടിയിൽ ശക്തമായി അപലപിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. പരാജയം മുന്നിൽ കണ്ടാണ്‌ കയ്യൂക്കും അക്രമവും കൊണ്ട് രാജ്‌മോഹൻ ഉണ്ണിത്താനെയും മാധ്യമപ്രവർത്തകരെയും സിപിഎം നേരിടുന്നതെന്നു ചെന്നിത്തല ആരോപിച്ചു.

കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണം. റീ പോളിംഗ് അനുവദിച്ച കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗങ്ങളില്‍ സ്വതന്ത്രമായ തെരെഞ്ഞെടുപ്പ് പ്രവർത്തനം പോലും അനുവദിക്കാത്ത സി.പി.എമ്മിന്റെ നടപടി കേരളത്തിന് അപമാനമാണ്. നീതിപൂര്‍വവും നിര്‍ഭയവും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഇവിടങ്ങളില്‍ നടന്നില്ലെന്ന് ഉറപ്പായതിന്റെ ജാള്യത മറക്കാനാണു ഉണ്ണിത്താനു നേരേ ആക്രമണം അഴിച്ച് വിട്ടത്.

ഉണ്ണിത്താനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിനാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർ മുജീബ്റഹ്മാൻ, ക്യാമറാമാൻ സുനിൽകുമാർ എന്നിവരെ മർദ്ദിക്കുകയും മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തത്. സ്വതന്ത്രവും നീതിയുക്തവുമായ തെരെഞ്ഞെടുപ്പ് കമ്മിഷന്റെ മേൽനോട്ടത്തിൽ നടത്തണം.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.