കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. രാത്രി പത്ത് മണി വരെയാണ് പ്രചാരണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമന്തി നൽകിയിട്ടുള്ളത്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച്ച അവസാനിക്കേണ്ട പരസ്യ പ്രചാരണം ഒരു ദിവസം നേരത്തെയാക്കിയത്. ഞായറാഴ്ച്ചയാണ് ബംഗാളിൽ വോട്ടെടുപ്പ് നടക്കുക.
ഭരണഘടനയിലെ 324ാം വകുപ്പ് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പശ്ചിമബംഗാളിലെ പ്രചാരണം വെട്ടിച്ചുരുക്കിയത്. തെരഞ്ഞെടുപ്പുകൾ റദ്ദാക്കാനോ, നീട്ടി വയ്ക്കാനോ, സ്ഥാനാർത്ഥികൾക്ക് നേരെ നടപടിയെടുക്കാനോ മാത്രമേ ഇതുവരെ ഈ വകുപ്പ് ഉപയോഗിച്ചിട്ടുള്ളൂ. ഇതിൽ നിന്നും മാറിയാണ് ഇപ്പോൾ കമ്മീഷന്റെ അസാധാരണ നടപടിയുണ്ടായത്.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കാനുള്ള കമ്മീഷൻെറ തീരുമാനത്തിൽ എതിർപ്പുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. കമ്മീഷനിലിരിക്കുന്നത് ആർ.എസ്.എസുകാരെന്ന് മമത പറഞ്ഞു. തനിക്ക് കമ്മീഷനെ ഭയമില്ല. കമ്മീഷൻ ബി.ജെ.പിയുടെയും മോദിയുടെയും കളിപ്പാവയാണെന്നും മമത ബാനർജി കുറ്റപ്പെടുത്തി. 1992ൽ ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് ഉണ്ടായത് പോലെയുള്ള അക്രമസംഭവങ്ങളാണ് അമിത് ഷായുടെ റാലിയിലുണ്ടായതെന്നും മമത പറഞ്ഞു.