തിരുവനന്തപുരം: വിഡ്ഢിത്തരങ്ങൾ നിരന്തരം ഉന്നയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാവണം അഞ്ചുവർഷത്തിൽ ഒരിക്കൽ പോലും നരേന്ദ്രമോദി മാധ്യമങ്ങളെ കാണാൻ തയാറാകാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യങ്ങൾ മുൻകൂട്ടി നൽകിയ അഭിമുഖത്തിൽ പോലും ഇത്രയും വിഡ്ഢിത്തരം ഉന്നയിക്കുമ്പോൾ ബാക്കിയുള്ള കാര്യം പറയണോ ? ഇനിയും മോദിയെ പോലെ ഒരാളെ സഹിക്കേണ്ട ഗതികേട് ഇന്ത്യയ്ക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു.
കുറച്ചു സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്തവരാണ് ജവഹർലാൽ നെഹ്‌റു മുതൽ ഡോ.മൻമോഹൻ വരെയുള്ള പ്രധാനമന്ത്രിമാർ. ഈ പാരമ്പര്യത്തെ ഇല്ലാതാക്കി പമ്പരവിഡ്ഢിത്തങ്ങൾ പറഞ്ഞു ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ തലകുനിപ്പിച്ചേ അടങ്ങൂവെന്ന വാശിയോടെ ഇറങ്ങിതിരിച്ചിരിക്കുകയാണ് നരേന്ദ്രമോദി.
റഡാറിനെകുറിച്ച് പ്രാഥമിക വിവരം പോലും ഇല്ലാതെ സംസാരിച്ചതിന് ട്രോളുകൾ ഏറ്റുവാങ്ങിയ മോദി, ഡിജിറ്റൽ ക്യാമറയിൽ 1987 -89 കാലത്ത് ചിത്രമെടുത്തെന്നും ഇ മെയിൽ വഴി ഡൽഹിക്ക് അയച്ചെന്നുമൊക്കെ തട്ടിവിടുന്നു. ഇത്രയേറെ നുണ പറയുന്ന പ്രധാനമന്ത്രി രാജ്യത്തെ നാണം കെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു