‘ഞാന്‍ ജയ്ശ്രീറാം വിളിക്കുന്നു, ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ’; മമത ബാനര്‍ജിയെ വെല്ലുവിളിച്ച്‌ അമിത് ഷാ

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മമത ദീദീ, ഞാന്‍ ഇവിടെനിന്ന് ജയ് ശ്രീറം മുഴക്കുകയാണെന്നും ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ എന്നുമായിരുന്നു അമിത് ഷായുടെ വെല്ലുവിളി. ബംഗാളിലെ സൗത്ത് 24 പര്‍ഗനാസില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളില്‍ റാലികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് എന്നെ മമതയ്ക്ക് തന്നെ വിലക്കാം. എന്നാല്‍ ബി.ജെ.പിയുടെ വിജയം തടയാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മമത ബാനര്‍ജിയുടെ അനന്തരവന്‍ പരാജയപ്പെടുമെന്ന ഭയത്താലാണ് തന്റെ റാലിക്ക് അനുമതി നിഷേധിച്ചതെന്നും മമതയുടെ ഭരണത്തില്‍ ദുര്‍ഗാ പൂജയ്ക്ക് പോലും അനുമതി ലഭിക്കുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

‘ഇന്ന് മൂന്ന് സ്ഥലങ്ങളിലായിരുന്നു ഞാന്‍ സന്ദര്‍ശനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ അതില്‍ ഒരു മണ്ഡലത്തില്‍ മമതാജിയുടെ അനന്തിരവനാണ് മത്സരിക്കുന്നത്. അവരുടെ അനന്തിരവന്‍ പരാജയപ്പെടുമെന്നാണ് അവരുടെ ഭയം. അതിനാലാണ് ഞങ്ങളുടെ റാലിക്ക് അവര്‍ അനുമതി നിഷേധിച്ചത്- അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ അമിത് ഷായുടെ മൂന്ന് റോഡ് ഷോയാണ് ബിജെപി നിശ്ചയിച്ചിരുന്നത്. ജയ്‌നഗര്‍, ജാദവ്പൂര്‍, ബരാസത് തുടങ്ങിയ മണ്ഡലങ്ങളിലാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. ഇതില്‍ ജാദവ്പുരിലെ റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചത്.