പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്. മേളവാദ്യ ആചാരപ്പെരുമയ്ക്ക് ഇന്ന് പൂര നഗരി സാക്ഷിയാകും. പൂഴിയെറിഞ്ഞാൽ താഴെ വീഴാത്ത തരത്തിൽ ജനങ്ങളെത്തുന്ന പൂരം കേരളത്തിന്റെ സംസ്കാരിക തനിമയുടെ ഉത്സവം കൂടിയാണ്. ഇലഞ്ഞിത്തറ മേളത്തിന്റെ കൊട്ടിക്കേറൽ ഇന്ന് പൂര നഗരിയെ താള ലയത്തിൽ ആറാടിക്കും. കുടമാറ്റത്തിന്റെ വർണ കാഴ്ചകളും വെടിക്കെട്ടിന്റെ ആവേശവുമായി പൂരം ഇന്ന് വർണാഭമാകും.
രാവിലെ, കണിമംഗലം ശാസ്താവിന്‍റെ ആദ്യ പൂരം വടക്കുംനാഥന്‍റെ സന്നിധിയിലേക്ക് പുറപ്പെട്ടു. വിവിധ ഘടക പൂരങ്ങൾ അൽപ്പ സമയത്തിനകം പുറപ്പെടും. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആഘോഷങ്ങളുടെ പാതയിലേക്ക് പ്രവേശിക്കുക. തുടര്‍ന്ന് ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാര്‍ ഓരോരുത്തരും വടക്കുംനാഥനെ കണ്ട് വണങ്ങും.
11 മണിയോടെയാണ് മഠത്തില്‍ വരവ്. 12 മണിയോടെ പാറമേക്കാവ് ഇറക്കി എഴുന്നള്ളിപ്പ്. അതിന് ശേഷം പൂര പ്രേമികളുടെ ആവേശമായ ഇലഞ്ഞിത്തറമേളം നടക്കും. 2.45ന് ശ്രീമൂല സ്ഥാനത്ത് കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ തിരുവമ്ബാടിയുടെ പാണ്ടിമേളം അരങ്ങേറും. ഇതിന് ശേഷം വൈകിട്ട് 5.30ഓടെയാണ് കുടമാറ്റം. പിറ്റേന്ന് പുലര്‍ച്ചെ വെടിക്കെട്ട് നടക്കും. പകല്‍ പൂരം കൊട്ടിയവസാനിക്കുന്നതോടെ തിരുവമ്ബാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും.