കളക്ടറുടെ തീരുമാനം സ്വാഗതാര്‍ഹം; ഉപാധികളോട് സഹകരിക്കും, ആനകളെ വിട്ട് നല്‍കുമെന്ന് ആന ഉടമകള്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന് അനുമതി കിട്ടിയതോടെ പൂരത്തിന് ആനകളെ വിട്ട് നല്‍കുമെന്ന് ആന ഉടമകള്‍. ആരോഗ്യക്ഷമത അനുകൂലമെന്ന് കണ്ടെത്തിയാൽ പൂര വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എത്തുമെന്ന തീരുമാനത്തെ ആന ഉടമകളുടെ സംഘടനകൾ സ്വാഗതം ചെയ്തു. കളക്ടര്‍ മുന്നോട്ടുവെച്ച എല്ലാ ഉപാധികളോടും സഹകരിക്കുമെന്ന് ആന ഉടമകളുടെ സംഘടനകള്‍ വ്യക്തമാക്കി.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യക്ഷമത നാളെ പരിശോധിക്കും. നാളത്തെ പരിശോധനയിൽ ആരോഗ്യക്ഷമത അനുകൂലമെന്ന് കണ്ടെത്തിയാൽ പൂര വിളംബരത്തിന് ഒരു മണിക്കൂർ രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. പൊതുതാൽപര്യം പറഞ്ഞ് ഭാവിയിൽ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കിയാണ് നിയമോപദേശം നല്‍കിയത്. അനുമതി നൽകേണ്ടത് കർശന ഉപാധികളോടെയെന്ന് നിയമോപദേശം വിശദമാക്കിയിരുന്നു. ആനയ്ക്ക് പ്രകോപനം ഉണ്ടാക്കുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും അനുവദിക്കരുതെന്നും ജനങ്ങള്‍ ആനയുമായി നിശ്ചിത അകലം പാലിക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു.

അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നേരത്തെ സ്വീകരിക്കണമെന്നും അപകടം ഉണ്ടായാല്‍ ഉത്തരവാദിത്തം ഉടമകള്‍ ഏറ്റെടുക്കുമെന്ന് രേഖാമൂലം സര്‍ക്കാര്‍ എഴുതിവാങ്ങണമെന്നും എ.ജിയുടെ നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, തൃശൂര്‍പൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് തെച്ചിക്കോട്ട് ദേവസ്വം അറിയിച്ചിരുന്നു. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങിനു രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുവെങ്കില്‍ ഉടമ എന്ന നിലയ്ക്ക് പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് ദേവസ്വം അറിയിച്ചിരിക്കുന്നത്.

ഇതുകൂടാതെ, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ സംവിധാനങ്ങളും ആന ഉടമസ്ഥ സംഘം ഒരുക്കിക്കൊടുക്കാനും ധാരണയായി.

© 2024 Live Kerala News. All Rights Reserved.