എസ‌്എസ‌്എൽസി: 98.11 % വിജയം ; 599 സർക്കാർ സ്‌കൂളിൽ നൂറുശതമാനം വിജയം

തിരുവനന്തപുരം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ കരുത്തിൽ എസ്എസ്എൽസിക്ക‌് 98.11 ശതമാനം വിജയം. മുൻ വർഷത്തെക്കാൾ (97.84) 0.27 ശതമാനം വർധന. മോഡറേഷൻ നൽകാതെയാണ‌് വിജയം ഉയർന്നത‌്. ഇത്തവണ ഡിജി ലോക്കർ സംവിധാനത്തിൽ രാജ്യത്തെവിടെനിന്നും സർട്ടിഫിക്കറ്റ‌് ഡൗൺലോഡ‌് ചെയ്യാം. അടുത്ത വർഷം മുതൽ എസ‌്എംഎസിലൂടെ രക്ഷിതാക്കളെ നേരിട്ട‌് ഫലം അറിയിക്കും.

പരീക്ഷ എഴുതിയ 4,34,729 വിദ്യാർഥികളിൽ 4,26,513 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം സ്വന്തമാക്കിയത് 37,334 കുട്ടികൾ. കഴിഞ്ഞ വർഷത്തെക്കാൾ 3021 പേർ എല്ലാ വിഷയത്തിനും എപ്ലസ് നേടി. വിജയശതമാനം കൂടിയ ജില്ല പത്തനംതിട്ട. 99.33 ശതമാനം. വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. 99.90 ശതമാനം. ഏറ്റവും പിന്നിലുള്ള ജില്ലയും വിദ്യാഭ്യാസ ജില്ലയും വയനാടാണ്( 93.22 ശതമാനം). നൂറു ശതമാനം വിജയം നേടിയത‌് 1703 സ്‌കൂളുകൾ. ഇതിൽ 713 എയ്ഡഡ് സ്‌കൂളുകളും 599 സർക്കാർ സ്‌കൂളുകളും 391 അൺഎയ്ഡഡ് സ്‌കൂളുകളുമാണ്. കഴിഞ്ഞവർഷത്തെക്കാൾ 529 അധികം സ്‌കൂളുകൾ നൂറുശതമാന പട്ടികയിൽ ഇടം പിടിച്ചു. കൂടുതൽ വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്ന സ്‌കൂളുകൾ: മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ‌്എസ്(2409), തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്എസ്എസ്(1707), മലപ്പുറം ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ്(1286). ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നത‌് പത്തനംതിട്ട പെരിങ്ങര ഗവ. ഗേൾസ് എച്ച്എസിലാണ‌്. രണ്ടു പേർ. കൂടുതൽപേർ പരീക്ഷ എഴുതിയ ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. കുറവ് പത്തനംതിട്ടയും (10852) വിദ്യാഭ്യാസ ജില്ല കുട്ടനാടുമാണ് (2114).

എസ്എസ്എൽസി ഹിയറിങ‌് ഇംപയേർഡ് വിഭാഗത്തിൽ 286 പേർ പരീക്ഷ എഴുതിയതിൽ 284 (99.30 ശതമാനം) പേർ വിജയിച്ചു. ടി എച്ച്എസ്എൽസിയിൽ 3208 പേർ പരീക്ഷയെഴുതിയതിൽ 3176 പേർ ഉപരിപഠനയോഗ്യത നേടി. 99 ശതമാനം. ടി എച്ച് എസ്എൽസി ഹിയറിങ‌് ഇംപയേർഡ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 14പേരും വിജയിച്ചു. എഎച്ച്എസ്എൽസി (കലാമണ്ഡലം ആർട്ട് ഹൈസ്‌കൂൾ)യിൽ 82 പേരിൽ 78 പേർ വിജയിച്ചു. 95.12 ശതമാനം.

പ്രൈവറ്റ് ആയി പരീക്ഷ എഴുതിയ 1867 പേരിൽ 1357 പേർ ഉപരിപഠന യോഗ്യത നേടി. 72.68 ശതമാനം. ഗൾഫിൽ 98.79 ശതമാനം. ലക്ഷദ്വീപ് മേഖലയിൽ 87.96 ശതമാനവുമാണ് വിജയം. ഗൾഫിൽ ഒമ്പതു സ്‌കൂളുകളിലായി 495 പേരിൽ 489 പേരും വിജയിച്ചു. ലക്ഷദ്വീപിലെ ഒമ്പതു സ്‌കൂളുകളിലായി 681 പേരിൽ 599 പേരും വിജയിച്ചു.

പി ആർ ചേമ്പറിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്. ഡിപിഐയുടെ ചുമതലയുള്ള ജെസി ജോസഫ‌്, പരീക്ഷാ സെക്രട്ടറി ഡോ. കെ എ ലാൽ എന്നിവരും പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.