രക്ഷിതാക്കളുടെ പൊങ്ങച്ചം തകര്‍ക്കുന്നത് കുട്ടികളുടെ അഭിരുചികള്‍; താക്കീതുമായി ഹൈക്കോടതി

കൊച്ചി: കേരളത്തിലെ രക്ഷിതാക്കള്‍ തങ്ങളുടെ പൊങ്ങച്ചത്തിനു വേണ്ടി കുട്ടികളുടെ താല്‍പര്യങ്ങളും അഭിരുചിയും ബലികഴിക്കുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടു. സമ്പൂര്‍ണ സാക്ഷരതയെന്നു പൊങ്ങച്ചം നടിക്കുന്ന കേരളത്തില്‍ കലാ കായിക മേഖലകളിലെ കുട്ടികളുടെ അഭിരുചികള്‍ ബലി കഴിക്കുന്നുണ്ട്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ നെഗറ്റീവ് മാര്‍ക്ക് സമ്പ്രദായത്തിനെതിരെ കോതമംഗലം സ്വദേശി എബിന്‍ പയസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണു ഹൈക്കോടതിയുടെ ഈ അഭിപ്രായ പ്രകടനം. രക്ഷിതാക്കളുടെ നിര്‍ബന്ധം താങ്ങാന്‍ വയ്യാതെ പ്രഫഷനല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ കുട്ടികള്‍ നെട്ടോട്ടമോടുന്ന പ്രവണത മറ്റൊരിടത്തുമില്ല. പ്രഫഷനല്‍ കോഴ്‌സ് പഠനം ഒരു വഴിയിലെത്തിക്കാനാവാതെ ഉപേക്ഷിച്ചു പോകുന്ന കുട്ടികളുടെ എണ്ണം ഇവിടെ ഇത്രയും വര്‍ധിക്കാനുള്ള കാരണം ഇതാണ്.

ഓരോ വിഷയത്തിലും 10 മാര്‍ക്കാണു മിനിമം യോഗ്യത നിശ്ചയിച്ചിട്ടുള്ളത്. ഇത്രയും കുറഞ്ഞ യോഗ്യതാ മാര്‍ക്ക് നിശ്ചയിച്ചതില്‍ അത്ഭുതമുണ്ട്. 4 മാര്‍ക്ക് വീതമുള്ള 120 ചോദ്യങ്ങളാണ് ഓരോ വിഷയത്തിലുമുള്ളത്. തെറ്റായ ഉത്തരത്തിന് 1 നെഗറ്റീവ് മാര്‍ക്കുണ്ട്. ആകെയുള്ള 120 ചോദ്യങ്ങളില്‍ 80 എണ്ണം ഉത്തരമെഴുതിയ കുട്ടിയുടെ 62 ഉത്തരങ്ങള്‍ തെറ്റായാലും മിനിമം യോഗ്യതാ മാര്‍ക്ക് നേടാനാവുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 18 ചോദ്യങ്ങള്‍ക്കു ശരിയുത്തരമെഴുതിയാല്‍ 72 മാര്‍ക്ക് ലഭിക്കും. തെറ്റായ ഉത്തരങ്ങള്‍ക്കുള്ള 62 നെഗറ്റീവ് മാര്‍ക്ക് കുറച്ചാലും 10 മാര്‍ക്ക് നേടാനാകും. മിനിമം യോഗ്യതയായ 10 മാര്‍ക്ക് നേടുന്ന കുട്ടികള്‍ പിന്നീടു സിലബസനുസരിച്ചു പഠിക്കാനാകാതെ വരുന്നതോടെ പഠനം ഉപേക്ഷിക്കുമെന്നും കോടതി വ്യക്തമാക്കുന്നു. പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ മേഖല ശക്തമാണ്. ഓരോ വിഷയത്തിനും മിനിമം വേണ്ട 10 മാര്‍ക്ക് പോലും നേടാനാകാത്ത വിദ്യാര്‍ഥികളെ അവരുടെ അഭിരുചിക്കനുസരിച്ചു പഠിക്കാന്‍ അനുവദിക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.