മസൂദ് അസ്ഹര്‍ ഇനി ആഗോള ഭീകരൻ; യാത്രാവിലക്ക്, ആസ്തികള്‍ മരവിപ്പിക്കും; തടവിലാകാനും സാധ്യത

ന്യൂഡൽഹി: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ ആണ് ഈ വിവരം ട്വീറ്റ് ചെയ്തത്. മസൂദിനെതിരായ നടപടിയെ കഴിഞ്ഞ നാലു തവണയും എതിർത്ത ചൈന ഇത്തവണ എതിർവാദങ്ങൾ ഉന്നയിച്ചില്ല. ഇന്ത്യയുടെ വൻ നയതന്ത്ര വിജയമായാണു യുഎൻ നീക്കത്തെ വിലയിരുത്തുന്നത്.

ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസ്ഹറിന്റെ സ്വത്ത് മരവിപ്പിക്കും. മസൂദിന്റെ കാര്യത്തിൽ നിലപാടു മാറ്റുന്നതിന് ഇന്ത്യയ്ക്കു പുറമേ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാഷ്ട്രങ്ങളും ചൈനയ്ക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു. മസൂദ് അസ്ഹർ തലവനായിട്ടുള്ള ജയ്ഷെ മുഹമ്മദാണ് 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ.

പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ മസൂദ് അസ്ഹര്‍ സ്ഥാപിച്ച ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ട്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഇന്ത്യ വിജയിച്ചതാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കാരണമായത്. പലതവണ ഇന്ത്യയും അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെ രക്ഷാസമിതിയില്‍ മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈന അത് വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. അടുത്തിടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ ചൈനീസ് സന്ദര്‍ശനമാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. മസൂദ് അസറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ചൈന അനുകൂല നിലപാടെടുക്കുമെന്ന് പിന്നാലെ വാര്‍ത്തകള്‍ വന്നിരുന്നു.

യുഎൻ നടപടിക്കായി ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീൻ ട്വിറ്ററിൽ പ്രതികരിച്ചു. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി യുഎന്‍ പ്രഖ്യാപിച്ചതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മിന്നലാക്രമണമാണെന്ന് ബിജെപി അവകാശപ്പെട്ടു. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാഷ്ട്രങ്ങൾ അടുത്തിടെ നീക്കങ്ങൾ ശക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.