റഫാൽ പുനഃപരിശോധനാ ഹര്‍ജികളിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. ഹര്‍ജിക്കാര്‍ നല്‍കിയ രേഖകള്‍ കൂടി ഉള്‍പ്പെടുത്തിയാവും വാദം കേള്‍ക്കുക.

കേസില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യവും ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിയ്ക്കും.

അതേസമയം, കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തിനെതിരേയുള്ള കോടതിയലക്ഷ്യ നോട്ടീസിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മറുപടി സത്യവാങ്മൂലം നല്‍കി. ‘കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞു’വെന്ന തന്റെ പരാമര്‍ശത്തില്‍ ഖേദപ്രകടനം ആവര്‍ത്തിച്ചുകൊണ്ടാണ് രാഹുലിന്റെ മറുപടി. തിരഞ്ഞെടുപ്പു പ്രചാരണച്ചൂടില്‍നില്‍ക്കെ ആലങ്കാരികമായി നടത്തിയ പ്രസ്താവനയെ തങ്ങളുടെ രാഷ്ട്രീയമുദ്രാവാക്യവുമായി കൂട്ടിച്ചേര്‍ത്ത് വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു രാഹുലിന്റെ വിവാദപ്രസ്താവന. പ്രതിരോധമന്ത്രാലയത്തില്‍നിന്ന് ചോര്‍ത്തിയതെന്ന് സര്‍ക്കാര്‍ ആരോപിച്ച രേഖകള്‍ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം പരിഗണിക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ ഏപ്രില്‍ പത്തിലെ ഉത്തരവ്. എന്നാല്‍, ഉത്തരവിന്റെ പകർപ്പ് കാണുംമുന്‍പേ, ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയായിരുന്നു തന്റെ പ്രസ്താവനയെന്നും കോടതിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.