ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഒന്‍പത് സംസ്ഥാനങ്ങളിലെ 72 സീറ്റുകളിലായാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയിലെ 17 സീറ്റുകള്‍, ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 13 സീറ്റുകള്‍, പശ്ചിമബംഗാള്‍ എട്ട് സീറ്റ്, മദ്ധ്യപ്രദേശിലെയും ഒഡീഷയിലെയും ആറ് സീറ്റുകള്‍, ബിഹാറില്‍ അഞ്ച്, ജാര്‍ഖണ്ഡില്‍ മൂന്നും സീറ്റുകളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ബിജെപിക്കും പ്രതിപക്ഷത്തിനും നിര്‍‍ണായകമായ നാലാം ഘട്ടത്തിൽ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. മഹാഹാരാഷ്ട്രയിലും ഒഡിഷയിലും ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകും. അനന്ത്നാഗിലും ബംഗാളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്ന രാജസ്ഥാനും മധ്യപ്രദേശും പോളിങ്ങ് ബൂത്തിലെത്തുകയാണ്.

ജനവിധി തേടുന്നവരിൽ കനയ്യകുമാറും ഊർമ്മിളയും അടക്കമുള്ള പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, സുഭാഷ് ഭാംരെ, എസ് എസ് അലുവാലിയ, ബാബുല്‍ സുപ്രിയോ – കോണ്‍ഗ്രസില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്‍ഷിദ്, അധിര്‍ രഞ്ജന്‍ ചൗധുരി എന്നിവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. എസ്‍പിയുടെ ഡിംപിള്‍ യാദവ്, തൃണമൂലിന്‍റെ ശതാബ്ദി റോയ്, കോണ്‍ഗ്രസ് മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷന്‍ മിലിന്ദ് ദേവ്‍റ എന്നിവര്‍ ജനവിധി തേടുന്ന മറ്റ് പ്രമുഖര്‍.

© 2024 Live Kerala News. All Rights Reserved.