ഭീകരാക്രമണ മുന്നറിയിപ്പ് അറിഞ്ഞിരുന്നില്ല ; രാജി വയ്ക്കില്ലന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി

കൊളംബോ : ശ്രീലങ്കന്‍ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പ് നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെന്നും രാജി വയ്ക്കില്ലെന്നും വിക്രമസിംഗെ പറഞ്ഞു. ഇന്റലിജന്‍സ് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്, പൊലീസ് മേധാവിയും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനും രാജി വച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഇരുന്നൂറ്റിയമ്പതിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തിന് മുമ്പ് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ശ്രീലങ്കയ്ക്ക് തീവ്രവാദ അക്രമണമുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി ആവശ്യമെങ്കില്‍ പാക്കിസ്ഥാന്റെ സഹായം തേടുമെന്ന് വിക്രമസിംഗെ പറഞ്ഞിരുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദത്തിനെതിരെയുള്ള ശ്രീലങ്കയുടെ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ വലിയ പിന്തുണയാണെന്നും, ആവശ്യമെങ്കില്‍ ഭീകരവാദികളെ കണ്ടുപിടിക്കാനും അവരെ ഇല്ലായ്മ ചെയ്യാനും പാക്കിസ്ഥാന്റെ സഹായം തേടുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

ഇത് ആദ്യമായാണ് ആഗോള തീവ്രവാദികള്‍ ശ്രീലങ്കയില്‍ സംഘട്ടനം നടത്തുന്നതെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.ഭീകരാക്രമണത്തിന് പിന്നിലെ വിദേശബന്ധത്തെകുറിച്ച് അന്വേഷിക്കുമ്പോള്‍ ഒരു പ്രത്യേക രാജ്യം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി തെളിവുകള്‍ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.