നവാസ് ഷരീഫ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ജയിലില്‍ കഴിയുന്ന തനിക്ക് ചികിത്സയ്ക്കായി വിദേശത്തേയ്ക്കുപോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായാണ് നവാസ് ഷെരീഫ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് മാര്‍ച്ച് 26 ന് ഇദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടി പാക് സുപ്രീംകോടതി ആറാഴ്ചത്തെ ജാമ്യമാണ് അനുവദിച്ചത്. വിദഗ്ധ ചികിത്സക്കായി എട്ടാഴ്ചത്തെ ജാമ്യം അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ആറാഴ്ചത്തേക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

അല്‍അസീസാ സ്റ്റീല്‍ മില്‍ അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കകയാണ് നവാസ് ഷരീഫ്. പാനമ പേപ്പറുകളിലൂടെ പുറത്തുവന്ന സ്വത്തുവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് അഴിമതിക്കേസുകളാണ് ഷരീഫിനെതിരേ അക്കൗണ്ടബിലിറ്റി ബ്യൂറോ ചുമത്തിയത്. ഇതില്‍ അവന്‍ഫീല്‍ഡ് കേസില്‍ ഷരീഫിന് പതിനൊന്നു വര്‍ഷത്തെ ശിക്ഷയും മകള്‍ മറിയത്തിന് എട്ടു വര്‍ഷത്തെ ശിക്ഷയും മറിയത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷത്തെ ശിക്ഷയും വിധിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.