ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ ഉത്സവ് സിംഗ് ബെന്‍സിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി വീണ്ടും പരിശോധിക്കും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്റന്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിക്കുക.
ചീഫ് ജസ്റ്റിസിനെ ലൈംഗിക ആരോപണത്തിൽ കുടുക്കാൻ ഉന്നതതല ഗൂഢാലോചന നടന്നുവെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുമെന്ന് അറിയിച്ച സുപ്രീംകോടതി ഇന്നലെ സിബിഐ, ഐ ബി, ദില്ലി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ ഏത് തലത്തിലുള്ള അന്വേഷണം വേണം എന്നതിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും.
ഇതിനിടെ തന്‍റെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് ഈ കേസിൽ ജസ്റ്റിസ് അരുണ്‍ മിശ്ര ഉൾപ്പടെയുള്ള അഭിപ്രായ പ്രകടനം നടത്തുന്നതെന്ന് കാണിച്ച് പരാതിക്കാരി സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിക്ക് ഇന്നലെ കത്ത് നൽകിയിരുന്നു. കേസിന്റെ നടത്തിപ്പിൽ ആശങ്കയുടെന്നും പരാതിക്കാരി അറിയിച്ചിരുന്നു.