പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടമായ നാളെ കേരളത്തോടൊപ്പം മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് നടക്കും. ഏറ്റവും കൂടുതൽ സീറ്റുകളിൽ വോട്ടെടുപ്പ് നടക്കുന്നത് മൂന്നാം ഘട്ടത്തിലാണ്. ആകെ 116 മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുക. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നാളെയോടെ വോട്ടെടുപ്പ് പൂർത്തിയാകും.
മൂന്നാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ഗുജറാത്തിലാണ്. 26 സീറ്റുകൾ. കേരളത്തിലെ 20 സീറ്റുകളിലും കർണാടകത്തിലെ 14 മണ്ഡലങ്ങളും നാളെ വിധിയെഴുതും. മഹാരാഷ്ട്ര (14), ആസ്സാം (4 ), ബീഹാർ (5), ഛത്തീസ്ഗഢ് (7), ഗോവ (2), ജമ്മു ആൻഡ് കാശ്മീർ (1), ഒഡിഷ (6), യുപി (10), വെസ്റ്റ് ബംഗാൾ (5), ദാദ്ര ആൻഡ് നാഗർ ഹവേലി (1), ദാമൻ ആൻഡ് ദിയു (1) എന്നിങ്ങനെയാണ് മറ്റു തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.
കേരളത്തിലെ വയനാട്ടിൽ രാഹുൽ ഗാന്ധി, എറണാകുളത്ത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, തിരുവനന്തപുരത്ത് മുൻഗവർണർ കുമ്മനം രാജശേഖരൻ, ഗുജ്റാത്തിലെ ഗാന്ധി നഗറിൽ അമിത് ഷാ, യുപിയിലെ മെയ്ൻപുരിയിൽ മുലായംസിങ് യാദവ്, കർണാടകത്തിലെ കലബർഗിയിൽ മല്ലികാർജുൻ ഖാർഗെ എന്നിവരാണ് നാളെ ജനവിധി തേടുന്നവരിലെ പ്രധാനികൾ.