തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ അരങ്ങറിയ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ എല്‍ഡിഎഫും ബിജെപിയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയഭീതി മൂലമാണ് ഇരുകൂട്ടരും അക്രമം അഴിച്ചുവിടുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് എ.കെ.ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തെയും ആലത്തൂരില്‍ യിഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് നേരെ കല്ലേറുണ്ടായ സംഭവത്തെയും ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു.
നേരത്തെ, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും അക്രമ സംഭവങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
പരാജയഭീതിമൂലമാണ് എല്‍ഡിഎഫ് അക്രമം അഴിച്ചുവിടുന്നതെന്നും പൊലീസ് ഈ അക്രമങ്ങളിലെല്ലാം കാഴ്ചക്കാരായി നോക്കി നിന്നെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇതുകൊണ്ടൊന്നും യുഡിഎഫ് പ്രവര്‍ത്തകരെ നിര്‍വീര്യമാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.