ശ്രീലങ്കന്‍ സ്‌ഫോടനത്തിന് പിന്നില്‍ എന്‍ടിജെയെന്ന് സൂചന ; ഇതുവരെ 13 പേര്‍ അറസ്റ്റിലായി

കൊളംബോ : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി പ്രധാനമന്ത്രിയുടെ സ്ഥിരീകരണം. ശ്രീലങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ടിജെ സംഘടന കൊളംബോയിലെ പ്രധാനപള്ളികളും ഇന്ത്യന്‍ ഹൈക്കമ്മീഷനും ആക്രമിച്ചേക്കുമെന്ന് പൊലീസ് മേധാവി പുജിത് ജയസുന്ദര ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്നും എന്തുകൊണ്ട് മുന്‍കരുതലെടുത്തില്ലെന്ന് അന്വേഷിക്കേണ്ടതാണെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.

അതേസമയം സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ ഇതുവരെ 13 പേര്‍ അറസ്റ്റിലായി. ഞായറാഴ്ച ശ്രീലങ്കന്‍ പോലീസാണ് 13 പേരെ അറസ്റ്റു ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് ശ്രിലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി.

മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലുമുണ്ടായ സ്‌ഫോടന പരമ്പരയില്‍ 215 പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.