യമനിലെ ഇടപെടൽ : പ്രമേയം വിറ്റോ ചെയ്‌ത്‌ ട്രംപ്‌

വാഷിങ‌്ടൺ
യമനിലെ സൗദി–-യുഎഇ യുദ്ധത്തിനുള്ള പിന്തുണ അവസാനിപ്പിക്കാനായി പ്രതിനിധിസഭ പാസാക്കിയ പ്രമേയം അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് വിറ്റോ ചെയ‌്തു. പ്രമേയം ആവശ്യമില്ലാത്തതാണെന്നും പ്രസിഡന്റിന്റെ ഭരണഘടനാപരമായ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ട്രംപ‌് പ്രസ്താവനയിൽ പറഞ്ഞു. 177 നെതിരെ 241 വോട്ടിനായിരുന്നു പ്രതിനിധിസഭയിൽ പ്രമേയം പാസായത‌്. കഴിഞ്ഞ മാസം സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 46നെതിരെ 54 വോട്ടിനും പ്രമേയം പാസായിരുന്നു. ആദ്യമായാണ‌് വിദേശരാജ്യത്തുള്ള അമേരിക്കൻ ഇടപെടലിന‌് തടയിടാനായി പ്രതിനിധിസഭ പ്രമേയം പാസാക്കിയത‌്.

ട്രംപിന്റെ വിറ്റോയെ വോട്ട‌് ചെയ‌്ത‌് തോൽപ്പിക്കുമെന്ന‌് ഡെമോക്രാറ്റ‌് എംപിമാർ പറഞ്ഞു. പ്രതിനിധിസഭയുടെ അനുമതിയില്ലാതെ ട്രംപിന്റെ ഭരണസമിതി യുദ്ധങ്ങളിൽ ഏർപ്പെടുകയാണൈന്നും ഇവർ പറഞ്ഞു.

ട്രംപിന്റെ വിറ്റോ അധികാരം അട്ടിമറിക്കണമെങ്കിൽ രണ്ട് സഭയിലും മൂന്നിൽരണ്ട‌് വോട്ട‌് വേണം. 1973ലെ വാർ പവർ ആക്ട് പ്രകാരമാണ് ബിൽ സഭയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പിന്തുണയുമായി യുഎഇ
യമനിലെ സൗദി–-യുഎഇ യുദ്ധത്തിനുള്ള പ്രമേയത്തെ വിറ്റോ ചെയ‌്ത ട്രംപിന്റെ നടപടിക്ക‌് പിന്തുണയുമായി യുഎഇ രംഗത്തെത്തി. ട്രംപിന്റേത‌് കാലോചിതവും തന്ത്രപ്രധാനവുമായ തീരുമാനമാണെന്ന‌് യുഎഇ വിദേശകാര്യമന്ത്രി അൻവർ ഗർഗാഷ് ട്വീറ്റ‌് ചെയ‌്തു.

കോടിക്കണക്കിന‌് ഡോളറാണ‌് സൗദിക്കും യുഎഇയ‌്ക്കും വേണ്ടി അമേരിക്ക നൽകുന്നത‌്. മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദിയിലെ ഉന്നതരുടെ പങ്ക് പുറത്തുവന്നതോടെയാണ‌് യമനിലെ ഇടപെടൽ പിൻവലിക്കാൻ ട്രംപിനുമേൽ സമ്മർദമേറിയത‌്. സംഭവത്തിൽ സൗദി കിരീടാവകാശി മുഹമ്മദ‌് ബിൻ സൽമാന‌് പങ്കുണ്ടെന്ന‌് അമേരിക്കൻ ചാരസംഘടനയായ സിഐഎ കണ്ടെത്തിയിരുന്നു. ഇതോടെ സൗദിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി പ്രതിനിധിസഭ രംഗത്തെത്തിയിരുന്നു. ട്രംപ് മുഹമ്മദ് ബിന്‍ സല്‍മാനെ രക്ഷിക്കുന്നതായും ഡെമോക്രാറ്റുകൾ ആരോപിച്ചിരുന്നു. യമനിലേത‌് സൗദിയും ഇറാനും തമ്മിലുള്ള നിഴൽ യുദ്ധമായാണ് കണക്കാക്കുന്നത‌്.

© 2024 Live Kerala News. All Rights Reserved.