വയനാട്: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്‌ത പാപനാശിനിയിൽ പിതൃകർമം ചെയ്‌ത ശേഷമാണ് പ്രചാരണത്തിന് തുടക്കം കുറിക്കുക. ബത്തേരി, തിരുവമ്പാടി, വണ്ടൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ രാഹുൽ പ്രസംഗിക്കും.
രാവിലെ ഒൻപത് മണിയോടെയാകും രാഹുൽ തിരുനെല്ലിയിലെത്തുക. തിരുനെല്ലി യുപി സ്കൂൾ പരിസരത്ത് ഹെലികോപ്ടർ ഇറങ്ങുന്ന രാഹുൽ റോഡ് മാർഗമാണ് തിരുനെല്ലിയിൽ എത്തുക. പാപനാശിനിയിൽ പിതൃകർമം നടത്തിയ ശേഷം തിരുനെല്ലി ക്ഷേത്ര സന്ദർശനം.നടത്തും. ശേഷം പ്രചാരണം നയിക്കും.
ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പൊലീസ് പരിശോധന കർശനമാക്കി. മാവോയിസ്റ്റ് സാന്നിധ്യം നിലനിൽക്കുന്ന പ്രദേശമായതിനാൽ കാട്ടിക്കുളം മുതൽ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്ററിലേറെ ഭാഗത്ത് തണ്ടർബോൾട്ട് സംഘം പരിശോധന നടത്തുന്നുണ്ട്.