പാരീസിലെ നോട്രഡാം കത്തീഡ്രലിൽ വൻ അഗ്നിബാധ; പുന:നിർമിക്കുമെന്ന് പ്രസിഡന്‍റ്

ഫ്രാൻസിലെ 850 വർഷത്തിലേറെ പഴക്കമുള്ള നോട്ര ഡാം കത്തീഡ്രലിൽ വൻ അഗ്നിബാധ. പുന:നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തെ തുടർന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷൻ പരിപാടികൾ മാറ്റിവച്ചതായി അറിയിച്ചു. നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് നോട്ര ഡാം കത്തീഡ്രൽ.

അതേസമയം തീപിടിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫ്രാൻസിൽ നിരവധി പള്ളികൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇപ്പോഴത്തെ സംഭവത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമനസേന പ്രവർത്തകന് പരുക്കേറ്റു. ഇന്ന് പുലർച്ചയോടെയാണ് തീ നിയന്ത്രണവിധേയമായത്.

സംഭവിച്ചത് വൻ ദുരന്തമെന്നും പള്ളിയുടെ പ്രൗഡി എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കുമെന്നും കത്തീഡ്രൽ സന്ദർശിച്ച ശേഷം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.