സുപ്രീംകോടതിയിലേക്ക് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് അനിരുദ്ധബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ്ജസ്റ്റിസ് എ എസ് ബൊപ്പണ്ണയെയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താമെന്ന് കൊളീജിയം ശുപാര്‍ശ. 2004 ജനുവരിയില്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് അനിരുദ്ധ ബോസ് 2018 ആഗസ്തിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസായത്.

ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാസീനിയോറിറ്റി പട്ടികപ്രകാരം അദ്ദേഹം 12ാം സ്ഥാനത്താണ്. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ 2018 ഒക്ടോബറിലാണ് ഗുവാഹത്തി ഹൈക്കോടതി ചീഫ്ജസ്റ്റിസായത്.അഖിലേന്ത്യാ പട്ടികയില്‍ 36ാം സ്ഥാനത്താണ്. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം സമിതി ശുപാര്‍ശ കേന്ദ്രസര്‍ക്കാരും അംഗീകരിച്ചാല്‍ നിയമനം ശരിവെച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും. 31 ജഡ്ജിമാരുടെ അംഗബലം വേണ്ട സുപ്രീംകോടതിയില്‍ നാല് ഒഴിവുകള്‍ കൂടി നികത്താനുണ്ട്.

© 2024 Live Kerala News. All Rights Reserved.