കോൺഗ്രസുമായി എഎപി ഇനി ചർച്ചയ്‌ക്കില്ല

ന്യൂഡൽഹി
കോൺഗ്രസ‌് പിടിവാശി തുടരുന്ന സാഹചര്യത്തിൽ ആംആദ‌്മി പാർടി ഉഭയകക്ഷി ചർച്ചകളിൽനിന്ന‌് പിന്മാറി. ഹരിയാന, പഞ്ചാബ‌്, ഗോവ എന്നിവിടങ്ങളിൽ സ‌ീറ്റ‌് പങ്കിടാൻ കോൺഗ്രസ‌് തയ്യാറാകാത്തതിനാൽ ഡൽഹിക്കുവേണ്ടി മാത്രമായി ചർച്ച ആവശ്യമില്ലെന്ന നിലപാടിലാണ‌് എഎപി.

കഴിഞ്ഞവർഷം നവംബർ മുതൽ തുടങ്ങിയ ചർച്ചകൾ ഡൽഹിയിൽ ഇനിയും കരയ‌്ക്കടുക്കാത്തതിനു കാരണം കോൺഗ്രസ‌് നേതാക്കളുടെ യാഥാർഥ്യബോധമില്ലാത്ത സമീപനമാണെന്ന‌് എഎപി രാജ്യസഭാംഗമായ സഞ്ജയ‌് സിങ‌് പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസിന‌് ഒറ്റ എംഎൽഎയോ എംപിയോ ഇല്ല. എന്നിട്ടും ഇവിടെ കോൺഗ്രസിന‌് രണ്ട‌ു സീറ്റ‌് നൽകാൻ എഎപി തയ്യാറായി. പഞ്ചാബിൽ എഎപിക്ക‌് നാല‌് എംപിമാരും 20 എംഎൽഎമാരുമുണ്ട‌്. അവിടെ എഎപിക്ക‌് ഒരു സീറ്റ‌ു പോലും നൽകാൻ കോൺഗ്രസ‌് തയ്യാറല്ല. ഹരിയാനയിൽ കോൺഗ്രസിന‌് ഒരു ലോക‌്സഭാംഗം മാത്രമാണുള്ളത‌്. അവിടെയും ഒരു സ‌ീറ്റു പോലും എഎപിക്ക‌് നൽകാൻ അവർ തയ്യാറാകുന്നില്ല–-സഞ്ജയ‌്സിങ‌് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.